നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന് വിജയം ആശംസിച്ച് നിവിൻ പോളിയും രംഗത്തെത്തിയിട്ടുണ്ട്.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം നാളെ തിയറ്ററുകളിൽ എത്തും. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ എന്റർടെയ്നറായാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ തന്റെ പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി. വെൽക്കം ഹോം എന്ന് പറഞ്ഞ നിവിൻ പോളി, ഐ ആം ഗെയിം വൻ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറട്ടെ എന്നും ആശംസിച്ചു.
'വെൽക്കം ഹോം, പ്രിയ സഹോദരാ ദുൽഖർ സൽമാൻ. 'ഐ ആം ഗെയിം' (Im Game) എല്ലാ അർത്ഥത്തിലും ഒരു വൻ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു', എന്നായിരുന്നു നിവിൻ പോളിയുടെ വാക്കുകൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് നാളെ ഐ ആം ഗെയിം തിയറ്ററിൽ എത്തുക.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ ട്രെയിലറിനും വമ്പൻ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതേസമയം, നിവിൻ പോളിയുടെ ബെത്ലഹേ കുടുംബ യൂണിറ്റ് തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. തമിഴിലും, തെലുങ്കിലും സെപ്റ്റംബർ 4ന് ചിത്രം റിലീസ് ചെയ്യും.



