നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ വൻ വിജയം നേടി. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 231 കോടിയിലധികം കളക്ഷൻ നേടി.
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നിവിൻ പോളി. പടത്തിൽ അൽപം രോക്ഷക്കാരനായി എത്തിയ താരം പിന്നീട് തട്ടത്തിൻ മറയത്തിൽ പ്രണയ നായകനായി എത്തി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ശേഷം പ്രേമം, ഓം ശാന്തി ഓശാന അടക്കമുള്ള നിരവധി സിനിമകൾ. ഇടയിൽ എവിടയോ വച്ച് നിവിൻ എന്ന നടനെ മലയാളികൾക്ക് നഷ്ടമായിരുന്നു. ഒടുവിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ ആ വരവ് യാഥാർത്ഥ്യമായി. നോക്കിലും വാക്കിയും പ്രവർത്തിയിലും അഭിനയത്തിലും പഴയ നിവിനെ തിരികെ കിട്ടിയപ്പോൾ ആരാധകരിൽ ആവേശം ഇരട്ടി.
കേരളത്തിലും ഓവർസീസുകളിലും ഗംഭീര പ്രതികരണം നേടി മുന്നേറുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ തമിഴ് പതിപ്പ് ഇന്നുമുതൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. തമിഴ്നാട് ഉടനീളം 200ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രേമം, പ്രേമലു അടക്കമുള്ള മലയാള സിനിമകൾ ഏറ്റെടുത്ത തമിഴ് മക്കൾ ബെത്‌ലഹേം കുടുംബ യൂണിറ്റും' ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഇന്ന് തിയറ്ററിൽ എത്തി.
ഓണം റിലീസായി ഓഗസ്റ്റ് 21ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ കസറിക്കയറി. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 231.25 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയത്. തമിഴ്, തെലുങ്ക് പതിപ്പുകൾ കൂടി റിലീസ് ചെയ്തതോടെ 300 കോടി ക്ലബ്ബ് അതിവിദൂരമല്ലെന്നാണ് ട്രെഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.



