കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ  ഫേസ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെസഞ്ചര്‍  ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ  അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. കോളിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പൊലീസ് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ അഭിഭാഷകനാണെന്നാണ് സ്വയം പരിചയപ്പെടുന്നത്. സിനിമയുമായും ബന്ധമുണ്ടെന്ന് പറയുന്നു. 

സഹോദരനോട് പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. എന്നാല്‍, അവര്‍ അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കോള്‍ കട്ട് ചെയ്തെങ്കിലും വാട്സ് ആപിലും മെസഞ്ചറിലും ഇയാള്‍ സന്ദേശമയച്ചു. പാര്‍വതിയുമായി അടുപ്പമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ അച്ഛനെയും ഇയാള്‍ നിരന്തരം ശല്യപ്പെടുത്തി.