തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയാണ് അസുഖ സമയത്ത് തന്നെ ഏറ്റവും പരിഗണിച്ചതെന്ന് പറയുന്നു പൊന്നമ്പലം

അപകടനില താണ്ടി ജീവിതത്തേക്ക് തിരിച്ചെത്തിയ തമിഴ് നടന്‍ പൊന്നമ്പലത്തിന്‍റെ അഭിമുഖം തമിഴ് മാധ്യമങ്ങളില്‍ അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയിലായ അദ്ദേഹത്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഫെബ്രുവരി മാസത്തില്‍ ആയിരുന്നു. തന്‍റെ ഒരു അടുത്ത ബന്ധു ബിയറില്‍ വിഷം കലക്കി നല്‍കിയതയാണ് തന്‍റെ ആരോഗ്യ താറുമാറാക്കിയതെന്ന് പൊന്നമ്പലം ഈയിടെ വെളിപ്പെടുത്തിയിരുന്നു. പല താരങ്ങളില്‍ നിന്നും അവശ്യ സമയത്ത് ലഭിച്ച സഹായത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ ആ സമയത്ത് ഏറ്റവും വലിയ സഹായം നല്‍കിയ താരത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൊന്നമ്പലം.

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയാണ് അസുഖ സമയത്ത് തന്നെ ഏറ്റവും പരിഗണിച്ചതെന്ന് പറയുന്നു പൊന്നമ്പലം. 40 ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയതെന്നും പറയുന്നു. അദ്ദേഹം രണ്ടോ മൂന്നോ ലക്ഷം നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ചിരഞ്ജീവി സാര്‍ അതിനൊക്കം അപ്പുറം പോയി. 40 ലക്ഷം രൂപയാണ് ആശുപത്രി കിടക്കയില്‍ കഴിഞ്ഞ എനിക്ക് അദ്ദേഹം നല്‍കിയത്. ആ സഹായം ഞാന്‍ ഒരിക്കലും മറക്കില്ല. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞത്, പൊന്നമ്പലം അഭിമുഖത്തില്‍ പറഞ്ഞു. 

താന്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലാക്കിയെന്നാണ് പലരും കരുതിയതെന്നും എന്നാല്‍ യാഥാര്‍ഥ്യം അതല്ലെന്നും പൊന്നമ്പലം പറഞ്ഞിരുന്നു. ഞാന്‍ അത്തരക്കാരനല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അയാള്‍ എന്തോ വിഷം എനിക്ക് ബിയറില്‍ കലക്കി തന്നു. ആദ്യം അയാള്‍ ഇത് ചെയ്തെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ എനിക്ക് രസത്തിലും കലക്കി തന്നു. ഇതെല്ലാം എന്‍റെ ആരോഗ്യത്തെ ബാധിച്ചു. ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഒപ്പം ജോലി ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്. ഞാന്‍ നല്ല നിലയില്‍ എത്തിയതും നന്നായി ജീവിക്കുന്നതും ഒക്കെ അയാള്‍ക്ക് സഹിച്ചില്ല. അതിന്‍റെ അസൂയയില്‍ ചെയ്തതാണ് ഇതൊക്കെ, പൊന്നമ്പലം പറഞ്ഞിരുന്നു.

ALSO READ : 'പഠാന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി