ചിത്രം തിയറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഷാരൂഖ് ഖാന്‍ നായകനായ പഠാനോളം സമീപകാലത്ത് ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഒരു ചിത്രമില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്‍റെയും ഒപ്പം ബോളിവുഡിന്‍റെയും തിരിച്ചുവരവുമായി. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോള്‍ എന്നതാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യം. അതിനുള്ള ഉത്തരം ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുന്ന ചിത്രങ്ങള്‍ പോലും തിയറ്റര്‍ റിലീസില്‍ നിന്നും ഒരു മാസത്തെ ഇടവേളയിലാണ് ഒടിടിയില്‍ എത്താറ്. എന്നാല്‍ 50 ദിവസങ്ങള്‍ പിന്നിട്ടിട്ടും പഠാന്‍ ഇനിയും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടില്ല. 56 ദിവസങ്ങള്‍ക്കിപ്പുറമാണ് പഠാന്‍റെ ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അതനുസരിച്ച് മാര്‍ച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നും മറ്റൊരു ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പഠാന്‍റെ ഒടിടി റിലീസ്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്‍ഫോമിന്‍റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല. 

Scroll to load tweet…

തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ ആയിരുന്നു. ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്ക്രീനുകളിലും. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

ALSO READ : 'ഹിന്ദി പതിപ്പിന്‍റെ സെന്‍സറിംഗ് നടക്കുന്നു'; 'പുഴ മുതല്‍ പുഴ വരെ' മറുഭാഷകളിലേക്കും എത്തുമെന്ന് രാമസിംഹന്‍