'കടുവ' (Kaduva 2022) എന്ന പുതിയ ചിത്രത്തിന്റെ  ആക്ഷൻ കൊറിയോഗ്രാഫറാണ് കനല്‍ കണ്ണൻ.

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'കടുവ'യുടെ (Kaduva 2022) ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് 'കടുവ' എത്തുന്നത്. ഇപ്പോഴിതാ 'കടുവ'യുടെ ആക്ഷൻ ഡയറക്ടറായ കനല്‍ കണ്ണനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കനൽ കണ്ണൻ. 'സത്യം', 'പോക്കിരിരാജ', 'ഹീറോ' തുടങ്ങിയ ചിത്രങ്ങള്‍. ഞാൻ ഏറ്റവുമധികം പ്രവർത്തിച്ചിട്ടുള്ള രാജ്യത്തെ മുൻനിര ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളാണ് കണ്ണൻ മാസ്റ്റർ 'കടുവ'യ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിച്ചതിൽ സന്തോഷം. ആക്ഷൻ സീക്വൻസുകൾ ഷൂട്ട് ചെയ്യാനുള്ള എന്റെ ഇഷ്‍ടം വര്‍ദ്ധിച്ചതില്‍ തീർച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. 'കടുവ' എന്ന സിനിമയിലെ ആക്ഷൻ ഡിസൈൻ ചെയ്യാൻ ഷാജി ഏട്ടന്റെ കൂടെ ഒരു പന്ത് ഞങ്ങൾക്കുമുണ്ട്. പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാൻ ഔദ്യോഗികമായി പൂർത്തിയാക്കി. 'കടുവയും', 'ജനഗണമനയും', 'ഗോൾഡും'. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അവ ഓരോന്നായി നിങ്ങളിലെത്തും. ഇപ്പോഴിതാ, ഒരിക്കൽ കൂടി 'ആടുജീവിത'ത്തിൽ വീണ്ടും ചേരുന്നതിന് മുമ്പ് ഞാൻ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങൾ ഉടൻ തന്നെ അൾജീരിയയിൽ ഷൂട്ടിംഗ് പുനരാരംഭിക്കും, തുടർന്ന് ജോർദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും പൃഥ്വിരാജ് പറയുന്നു. കനല്‍ കണ്ണനൊപ്പമുള്ള ഒരു ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. 

വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

Read More : കൈമുറിഞ്ഞ് പൃഥ്വിരാജ്, 'കടുവ'യിലെ ആക്ഷനെ കുറിച്ച് താരം

പൃഥ്വിരാജ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബ്രോ ഡാഡി'യായിരുന്നു. മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്‍തത് പൃഥ്വിരാജ് തന്നെയായിരുന്നു. അച്ഛനും മകനുമായിട്ടായിരുന്നു മോഹൻലാലും പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ഒടിടിയിലെത്തിയ ചിത്രത്തിന് ലഭിച്ചത്. മീനയായിരുന്നു 'ബ്രോ ഡാഡി' ചിത്രത്തില്‍ മോഹൻലാലിന്റെ ജോഡി. കല്യാണി പ്രിയദര്‍ശനായിരുന്നു പൃഥ്വിരാജിന് ചിത്രത്തില്‍ നായികയായി എത്തിയത്. ലാലു അലക്സ് ആയിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.