രണ്ട് വമ്പൻ ഓഫറുകളാണ് നിരസിച്ചത്.

വര്‍ഷങ്ങളായുള്ള പ്രയത്നമാണ് പൃഥ്വിരാജ് ആടുജീവിതം സിനിമയ്‍ക്കായി നടത്തിയത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിലായതിനാല്‍ ചിരഞ്ജീവിയുടെ രണ്ട് സിനിമകള്‍ ഉപേക്ഷിച്ചിരുന്നുവെന്ന് നടൻ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. താടി വെച്ചുള്ള ലുക്കായതിനാലാണ് ഒരു സിനിമ വേണ്ടെന്നു വെച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആടുജീവിതം മാര്‍ച്ച് 28നാണ് റിലീസ്.

സായ് റാ നരസിംഹ റെഡ്ഡിക്കായാണ് ആദ്യം ക്ഷണിച്ചത് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ ക്ഷണിച്ചു. എന്നാല്‍ ആടുജീവിതത്തിനായി താടി വളര്‍ത്തിയതിനാല്‍ താൻ ചിരഞ്ജീവിയുടെ ഓഫര്‍ അന്ന് നിരസിച്ചു. സയ് റാ നരസിംഹ റെഡ്ഡി സിനിമയുടെ പ്രമോഷനായി ചിരഞ്‍ജീവി പിന്നീട് എത്തിയപ്പോള്‍ ലൂസിഫറിന്റെ റീമേക്ക് റൈറ്റ്‍സ് നേടിയിരുന്നു. 2019ലായിരുന്നു അതും സംഭവിച്ചത്. ലൂസിഫര്‍ തെലുങ്കില്‍ ചിരഞ്‍ജീവിയെ നായകനാക്കി സംവിധാനം ചെയ്യാൻ എന്നെ ക്ഷണിച്ചു. എന്നാല്‍ ആടുജീവിതത്തിന്റെ തിരക്കിലായതിനാല്‍ അതും താൻ നിരസിക്കുകയായിരുന്നുവെന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കുന്നു.

നിലവില്‍ മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ തിരക്കിലാണ് പൃഥ്വിരാജ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രമായി മോഹൻലാല്‍ വിസ്‍മയിപ്പിച്ച് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം നേടി ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നതിനാല്‍ പ്രേക്ഷകര്‍ വലിയ ആവേശത്തിലാണ്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായ ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങളിലടക്കമാണ് ചിത്രീകരിക്കുന്നത്. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും.

Read More: കങ്കുവയില്‍ പ്രതീക്ഷ നിറച്ച് ആ ഒടിടി വമ്പൻമാര്‍, ഡീല്‍ റെക്കോര്‍ഡ് തുകയ്‍ക്ക്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക