കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

തിരുവനന്തപുരം: താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ്(Prithviraj). കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറി‍ഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

വിജയ് ബാബു 'അമ്മ യോഗത്തിൽ പങ്കെടുത്തതിൽ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. "താനും ആ യോഗത്തിൽ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല". അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിൾ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രജിസ്‌ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. 'അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു. 

'കടുവ'യിലെ വിവാദ സംഭാഷണം നീക്കി; സെന്‍സറിംഗ് കഴിഞ്ഞാല്‍ ഇന്ന് രാത്രി പ്രിന്‍റ് മാറ്റുമെന്ന് പൃഥ്വിരാജ്

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ വൻ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ശ്രീലേഖയ്ക്ക് എതിരെ രം​ഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജയും രം​ഗത്തെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ പരാമർശം അപലപനീയമാണെന്ന് ആനി രാജ പറഞ്ഞു. കേസ് നടപടി നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ ഇത്തരം പരാമർശങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പ്രതികരിച്ചു.

ശ്രീലേഖ മുൻപും ദിലീപിനെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റാരോപിതൻ കുറ്റക്കാരൻ അല്ല എന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമർശമെന്നും ആനി രാജ പറഞ്ഞു.