പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ.
സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് നിഹാൽ പിള്ളയും പ്രിയ മോഹനും. ഒരു ഹാപ്പി ഫാമിലി എന്ന ഇവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹൻ. വിവാഹത്തിനു മുൻപ് സിനിമകളും സീരിയലുകളുമൊക്കെയായി അഭിനയത്തിൽ സജീവമായിരുന്നെങ്കിലും പിന്നീട് കരിയറിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. വസ്ത്രവ്യാപാര രംഗത്താണ് പ്രിയ ഇപ്പോൾ സജീവം. പ്രിയയെ ബാധിച്ച അപൂർവരോഗത്തെക്കുറിച്ചു പറഞ്ഞാണ് ഇരുവരുടെയും പുതിയ വ്ളോഗ്. കണ്ണു നിറഞ്ഞാണ് പ്രിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ചത്.
ഫൈബ്രോമയാള്‍ജിയ (Fibromyalgia) എന്ന അസുഖമാണ് പ്രിയയെ ബാധിച്ചിരിക്കുന്നത്. ചലനശേഷിയിൽ കാര്യമായി കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയാണിത്. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച് ഉണ്ടായെന്നും പ്രിയ പറയുന്നു.
''എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥ. അവനെ എടുക്കാൻ പറ്റുന്നില്ല. ഒരൽപം പൊക്കമുള്ള വാഹനത്തിലേക്കു പോലും കാലെടുത്തു വെച്ച് കയറാൻ പറ്റില്ല. കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ, ഒന്ന് പുറം ചൊറിയാൻ പോലും പരസഹായം വേണം. ഒരു പ്ലേറ്റോ ഗ്ലാസോ പോലും കൈ കൊണ്ട് എടുക്കാൻ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ എനിക്ക് തോന്നി. ഇതിനു പുറമേ കടുത്ത വിഷാദവും ഉറക്കമില്ലായ്മയും. രാവിലെ ആറു മണി വരെയൊക്കെ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്'', പ്രിയ പറഞ്ഞു.
ഈ രോഗമുള്ള ഒരാളെ പുറത്തു നിന്ന് മറ്റൊരാൾ കണ്ടാൽ ആരോഗ്യമുള്ള ഒരു വ്യക്തിയായേ തോന്നൂ എന്നും മടിച്ചിയായതുകൊണ്ട് ഒന്നും ചെയ്യാതിരിക്കുന്നതായിരിക്കാം എന്നേ വിചാരിക്കൂ എന്നും നിഹാൽ പറയുന്നു. ''ഞങ്ങൾക്കും ഇത് എന്താണെന്ന് ആദ്യം മനസിലായില്ല. ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണം പോലും വളരെ കുറവാണ്. ചില ഡോക്ടർമാർ പോലും രോഗം കണ്ടുപിടിക്കാതെ സ്ട്രസ് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണെന്നു പറഞ്ഞാണ് ഇത്തരം രോഗികളെ ചികിത്സിക്കാറ്. ബ്ലഡ് ടെസ്റ്റ് എടുത്താൽ പോലും ഒരു പ്രശ്നവും കാണില്ല. ഈ രോഗം വരുന്നവരുടെ വീട്ടുകാരും അടുത്തയാളുകളുമൊക്കെ ഇതേക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം'', നിഹാൽ കൂട്ടിച്ചേർത്തു. തെറാപ്പി, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ, തീവ്രത കുറഞ്ഞ വ്യായാമം, ആവശ്യമായ സപ്ലിമെന്റ്സുകൾ കഴിക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെ വലിയ മാറ്റമുണ്ടാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.


