വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു അപ്പച്ചൻ.

മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്റെ സ്വദേശം. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചൻ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. അടൂര്‍ ഗോപാലകൃഷ്‍ണന്റെ അനന്തരം എന്ന സിനിമയില്‍ വേഷമിട്ട പുന്നപ്ര അപ്പച്ചൻ അടൂരിന്റെ തുടര്‍ന്നുള്ള സിനിമകളിലും അഭിനയിച്ചു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക