മകൻ ജിഷ്ണുവിന്റെ ഓർമ്മകൾ ഒഴിവാക്കുന്നതിനായി താനും ഭാര്യയും വീട്ടിൽ ഒരു ഫോട്ടോ പോലും സൂക്ഷിക്കാതെയാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് നടൻ രാഘവൻ

കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജിഷ്ണു രാഘവൻ. ശേഷം 'വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്', നേരറിയാൻ സിബിഐ, ഫ്രീഡം, യുഗപുരുഷൻ, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായ ജിഷ്ണുവിന്റെ വിയോഗം അപ്രതീക്ഷിതവും മലയാള സിനിമയെ നൊമ്പരപ്പെടുത്തുന്ന ഒന്നുമായിരുന്നു.

ഇപ്പോഴിതാ ജിഹസനുവിന്റെ അസുഖത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ അച്ഛനും നടനുമായ രാഘവൻ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാഘവന്റെ പ്രതികരണം. തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന കാര്യം ചെയ്തത് എന്തിനായിരുന്നു എന്നാണ് രാഘവൻ ചോദിക്കുന്നത്.

"ഞാൻ ഒരു കാര്യത്തെ കുറിച്ച് ഓർത്ത് വിഷമിക്കില്ല, കാരണം നടക്കേണ്ടത് നടക്കും. ജിഷ്ണുവിന്റെ രോ​ഗ വിവരം അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ കാലം എല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവന്റെ അസുഖം മാറുമെന്ന് കരുതി. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. അതാണ് പറ്റിയത്. അവൻ ആരുടെയൊക്കയോ വാക്ക് കേട്ട് ബാം​ഗ്ലൂർ വെച്ച് ഓപ്പറേഷൻ ചെയ്തു. ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്. അത് കാരണമായി നമ്മൾ കണക്കാക്കേണ്ടതില്ല. അതാണ് വിധി. തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം എന്തായിരുന്നു." രാഘവൻ ചോദിക്കുന്നു.

"മരിച്ചാൽ പോരെ. എന്തിനാണ് അങ്ങനൊരു ജീവിതം. അവൻ സ്വയം ചെയ്തതാണ്. ഓപ്പറേഷന് പോകരുതെന്ന് നിർബന്ധിച്ചാണ്. പക്ഷെ അവനും ഭാര്യയും കൂടെ പോയി ഓപ്പറേഷൻ കഴിച്ചു. അത് അവരുടെ ഇഷ്ടം. പക്ഷെ അതോടെ കാര്യം കഴിഞ്ഞു, ഞങ്ങൾ അനുഭവിച്ചു.

രോഗം മൂർച്ചിച്ചിരുന്നു. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു. ലേക് ഷോറിലെ ഡോക്ടർ പറഞ്ഞിരുന്നു കീമോയും ഇടയ്ക്ക് റേഡ‍ിയേഷനും ചെയ്ത് നമുക്ക് അസുഖം ഭേ​ദമാക്കാമെന്ന്. അത് കേട്ടില്ല. കേൾക്കാതെ പോയി ഓപ്പറേഷൻ ചെയ്തു. അതാണ് വിധി. അവന്റെ ആയുസ് എനിക്ക് തന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ആ വിശ്വാസത്തിലാണ് ഞാൻ. അവനെ ഓർക്കത്തക്ക രീതിയിൽ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങൾ അവനെ ഓർക്കാറേയില്ല. ഓർക്കണ്ടാന്ന് കരുതി. ഇപ്പോൾ അതിൽ ദുഖമില്ല. അതെല്ലാം കഴിഞ്ഞു. ഒരു ഫോട്ടോപോലും കാണാത്തക്ക രീതിയിൽ വെച്ചിട്ടില്ല. എല്ലാം മറച്ച് വെച്ചിരിക്കുകയാണ്." രാഘവൻ കൂട്ടിച്ചേർത്തു.

YouTube video player