പൊൻമാനെ കുറിച്ച് നെ​ഗറ്റീവ് റിവ്യു പറഞ്ഞ സീക്രട്ട് ഏജന്‍റിനെതിരെ സജിന്‍ ഗോപു. 

രോമാഞ്ചം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായി മാറിയ നടനാണ് സജിൻ ​ഗോപു. പിന്നാലെ ആവേശം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ അമ്പാൻ എന്ന കഥാപാത്രത്തിലൂടെ വൻ ഫാൻ ബേയ്സും സജിന് സ്വന്തമാക്കാൻ സാധിച്ചിരുന്നു. നിലവിൽ പൊൻമാൻ എന്ന സിനിമയിലാണ് സജിൻ അഭിനയിച്ചത്. ബേസിലിനൊപ്പം ​ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നതും. സിനിമ ​മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ പൊൻമാനെ കുറിച്ച് നെ​ഗറ്റീവ് റിവ്യു പറഞ്ഞ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സജിൻ. 

പൊൻമാൻ പ്രസ് മീറ്റിനിടെ ആയിരുന്നു സജിൻ ​ഗോപുവിന്റെ പ്രതികരണം. നെ​ഗറ്റീവ് റിവ്യൂകൾക്കെതിരെയുള്ള ചോദ്യത്തിന് 'അവർക്ക് പടം കണക്ട് ആകാത്തത് കൊണ്ടാകും അവർ അങ്ങനെ പറഞ്ഞത്. ബാക്കി റിവ്യൂസ് എല്ലാം അത്യാവശ്യം പോസിറ്റീവ് ആണ്. മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. സിനിമ നല്ലതാണെങ്കിൽ ആളുകൾ പോയി കാണും. ഞാൻ സിനിമകൾ കാണുന്നത് ഈ റിവ്യൂസ് ഒന്നും കണ്ടിട്ടല്ല. ഈ പറയുന്ന യുട്യൂബറിന് ചിലപ്പോൾ സിനിമ കണക്ട് ആയി കാണില്ല. ഇങ്ങനത്തെ ഒരു സിസ്റ്റം മനസിലാക്കാത്ത ആളായിരിക്കും. ചിലപ്പോൾ അവർ സ്ത്രീധനം വാങ്ങിയാകും കല്യാണം കഴിച്ചിരിക്കുന്നത്. ഇങ്ങനെ ഒക്കെ ഉള്ള പ്രശ്നങ്ങളായിരിക്കാം അയാൾക്കെന്ന് ഞാൻ വിശ്വസിക്കുന്നു. ആര് സിനിമയെ കുറിച്ച് മോശമായി പറഞ്ഞാലും സിനിമ നല്ലതാണെങ്കിൽ ആളുകൾ തിയറ്ററിൽ പോയി അത് കാണും', എന്നാണ് സജിൻ ​ഗോപു പറഞ്ഞത്. 

'അർജുനേ..' എന്ന് വീണ്ടും നീട്ടിവിളിച്ച് ശ്രീതു; 'മദ്രാസ് മലർ' ഏറ്റെടുത്ത് പ്രേക്ഷകർ

ജനുവരി 30ന് റിലീസ് ചെയ്ത ചിത്രമാണ് പൊന്‍മാന്‍. സ്ത്രീധനം പ്രമേയമായി വരുന്ന ചിത്രത്തില്‍ ബേസിലിനും സജിനും ഒപ്പം ദീപക് പറമ്പോൽ, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു തുടങ്ങി നിരവധി പേരും കഥാപാത്രങ്ങളായി എത്തിയരുന്നു. ബോക്സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..