പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ടാണ് 'വിരൂപാക്ഷ' എത്തുന്നത്.
മലയാളി നടി സംയുക്തയുടെ തെലുങ്ക് ചത്രം 'വിരൂപാക്ഷ'യുടെ ടീസര്‍ പുറത്തുവിട്ടു. സായ് ധരം തേജ് നായകനാകുന്ന ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ടാണ് 'വിരൂപാക്ഷ' തിയറ്ററുകളിലേക്ക് എത്തുക.
കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് സംയുക്ത പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ 'വിരൂപാക്ഷ'യില്‍ പറയുന്നത്. അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടാകും 'വിരൂപാക്ഷ' എത്തുക.
ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാര്‍ വ്രയിറ്റിങ്ങ്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'വിരൂപാക്ഷ'. ബി വി എസ് എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് 'വിരൂപാക്ഷ'യുടെ നിര്‍മാതാക്കള്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സതിഷി ബികെആര്‍.
ധനുഷ് നായകനായി തെലുങ്കിലും തമിഴിലുമായെത്തിയ ചിത്രം 'വാത്തി'യിലും സംയുക്തയായിരുന്നു നായിക. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു എന്നതും വൻ വാര്‍ത്തായായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ധനുഷ് എഴുതിയ ഒരു ഗാനവും ചിത്രത്തിലേതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
Read More: അന്ന് യേശുദാസ് ക്ലാസിക്കൽ ഗായകനായപ്പോള്‍ മൃദംഗവിദ്വാനുള്ള അവാർഡ് നേടിയ പി ജയചന്ദ്രൻ
