ആദ്യമായി പി ജയചന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനവും ആരാധകര്‍ ഏറ്റെടുത്തതാണ്.

മലയാളത്തിന്റെപ്രിയപ്പെട്ട ഭാവ ഗായകൻ പി ജയചന്ദ്രന് ഇന്ന് പിറന്നാള്‍ മധുരം. മലയാളികളുടെ ഗൃഹാതുരതയാണ് പി ജയചന്ദ്രൻ. മലയാളികള്‍ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ച് പി ജയചന്ദ്രൻ ഇന്നും മലയാള സിനിമയ്‍ക്കൊപ്പം സജീവമായുണ്ട്. പ്രായം 78 കഴിയുമ്പോഴും മലയാളത്തിന്റെ പ്രിയ ഗായകന്റെ ശബ്‍ദത്തിന്റെ ഗരിമയ്‍ക്കും ഭാവങ്ങള്‍ക്കും ഒട്ടും കുറവ് വന്നിട്ടില്ല.

പഠനകാലത്ത് സ്‍കൂള്‍ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ സമ്മാനങ്ങള്‍. 1958 ലെ സംസ്ഥാന യുവജനമേളയിൽ യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‍കാരം നേടിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടിയത് പി ജയചന്ദ്രനായിരുന്നു.

ജയചന്ദ്രന്റെ ആലാപന ഭംഗി ഒരു സിനിമയിലൂടെ ആദ്യമായി മലയാളികള്‍ കേട്ടത് 'കളിത്തോഴനി'ലൂടെയായിരുന്നു. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി', 'ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ആദ്യ ഗാനത്തോടെ പി ജയചന്ദ്രൻ വരവറിയിച്ചു. 'കുഞ്ഞാലി മരയ്‍ക്കാര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും പുറത്തുവന്നത് 'കളിത്തോഴനാ'യിരുന്നു. തുടര്‍ന്നങ്ങോട്ട് 'മലയാള ഭാഷതൻ മാദക ഭംഗി', 'അനുരാഗ ഗാനം പോലെ', 'രാഗം', 'ശ്രീരാഗം', 'പ്രായം നമ്മില്‍', 'വെള്ളിത്തേൻ കിണ്ണം പോലെ' തുടങ്ങി നിരവധി അനവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശബ്‍ദത്തില്‍ മലയാളികള്‍ കേട്ടു.

അമ്പത് കൊല്ലത്തെ സംഗീത ജീവിതത്തില്‍ ആദ്യമായി പി ജയചന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു ഗാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. 'നീലിമേ' എന്ന് തുടങ്ങുന്ന ഗാനം പാടിയതും പി ജയചന്ദ്രനാണ്. ബി കെ ഹരിനാരായണനാണ് ഗാനം എഴുതിയത്. സംഗീത സംവിധായകൻ റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്‍ക്കസ്‍ട്രേഷൻ നിര്‍വഹിച്ചു.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ജെ സി ഡാനിയല്‍ അവാര്‍ഡ് പി ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 'ശ്രീ നാരായണ ഗുരു' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗായകനായി. 'പണിതീരാത്ത വീട്', 'ബന്ധനം', 'നിറം', 'തിളക്കം', 'എന്നും എപ്പോഴും', 'ജിലേബി', 'എന്നു നിന്റെ മൊയ്‍തീൻ' എന്നീ സിനിമകളിലെ ഗാനത്തിനാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.

മികച്ച ഗായകനുള്ള തമിഴ്‍നാട് സംസ്ഥാന അവാര്‍ഡും പി ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 'കിഴക്ക് ശീമ'യിലെ എന്ന സിനിമയിലെ 'കട്ടാഴം കാട്ട്‍വഴി' എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്. തമിഴ്‍നാട് സംഗീത ലോകത്ത് 30 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന് തമിഴ്‍നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‍കാരവും ലഭിച്ചു. എ ആര്‍ റഹ്‍മാന്റെ സംഗീതത്തില്‍ ജയചന്ദ്രൻ ഹിന്ദി ഗാനവുമാലപിച്ചു.

Read More: 'നിഗൂഢ'വുമായി അനൂപ് മേനോൻ, പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്