Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ സഞ്ചാരി വിജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു: അവയവദാനത്തിന് കുടുംബം അനുമതി നൽകി

ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം.

actor sanchari vijay died in accident
Author
Bengaluru, First Published Jun 14, 2021, 1:49 PM IST

ബെം​ഗളൂരൂ: ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചതായി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ട‍‍ർമാരാണ് അറിയിച്ചത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നടനെ രക്ഷപ്പെടുത്താനായില്ല. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മസ്തിഷ്ക മരണം സംഭവിച്ച സാഹചര്യത്തിൽ അവയവദാനം നടത്തുവാൻ നടൻ്റെ കുടുംബം സമ്മതമറിയിച്ചിട്ടുണ്ടെന്ന് വിജയ് ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രി പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 

വിജയ് നിലവിൽ അതീവ ​ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിൻ്റെ ഹൃദയമിടിപ്പും രക്തസമ്മ‍ർദ്ദവും സാധാരണ നിലയിലാണ്. എന്നാൽ തലച്ചോറിൻ്റെ പ്രവ‍ർത്തനം നിലച്ചിരിക്കുന്നുവെന്നാണ് കാണുന്നത്. ഈ സാഹചര്യത്തിൽ അവയവദാനത്തിനുള്ള സന്നദ്ധത കുടുംബം അറിയിച്ചിട്ടുണ്ട്. അവയവദാനത്തിനുള്ള നടപടിക്രമങ്ങൾ പരിശോധിച്ചു വരികയാണ്. ജീവൻരക്ഷ സംവിധാനങ്ങളുടെ സഹായത്തോടെ വിജയ്ക്കുള്ള ചികിത്സ തുടരും - അപ്പോളോ ആശുപത്രി പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 

തമിഴ് , തെലുഗു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ൽ ‘നാൻ അവനല്ല അവളു‘ എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് വിജയ്ക്ക് ലഭിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios