ഇപ്പോള്‍ രജനികാന്തുമായുള്ള ഈ പ്രശ്നം എന്ത് എന്ന് വ്യക്തമാക്കുകയാണ് സത്യരാജ്. 

ചെന്നൈ: രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന കൂലി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന മുതിര്‍ന്ന താരം സത്യരാജാണ്. 38 കൊല്ലത്തിന് ശേഷമാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്. അതിനാല്‍ തന്നെ ഈ വാര്‍ത്ത വലിയ ഓളമാണ് കോളിവുഡില്‍ ഉണ്ടാക്കിയത്. വളരെക്കാലമായി രജനിയും സത്യരാജും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ചാണ് സത്യരാജ് ഈ വേഷത്തില്‍ എത്തുന്നതെന്നാണ് വാര്‍ത്ത വന്നത്. 

എന്നാല്‍ ഇപ്പോള്‍ രജനികാന്തുമായുള്ള ഈ പ്രശ്നം എന്ത് എന്ന് വ്യക്തമാക്കുകയാണ് സത്യരാജ്. 'ആയുധം' എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുന്ന നടൻ സത്യരാജ്. ഈ ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് സൂപ്പർസ്റ്റാർ രജനികാന്തുമായുള്ള തന്‍റെ ബന്ധം സംബന്ധിച്ച് സംസാരിച്ചത്. 

ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ താനും രജനികാന്തും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സത്യരാജ് പറഞ്ഞു. 38 കൊല്ലത്തെ ഇടവേളയ്ക്കിടയില്‍ രജനികാന്തിന്‍റെ സിനിമകളിൽ അഭിനയിക്കാൻ തനിക്ക് രണ്ട് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും. എന്നാല്‍ എന്തുകൊണ്ടാണ് അത് നിരസിച്ചതെന്നും സത്യരാജ് വിശദീകരിച്ചു.

"ഞാൻ നായകനായതിന് ശേഷം രജനികാന്തിന്‍റെ രണ്ട് ചിത്രങ്ങളിൽ പ്രവർത്തിക്കാൻ എനിക്ക് ഓഫര്‍ വന്നു. ആദ്യത്തേത് 'ശിവാജി', മറ്റൊന്ന് 'എന്തിരൻ'. എന്തിരനില്‍ ഡാനി ഡെൻസോങ്‌പ ചെയ്ത വേഷം ചെയ്യാൻ എന്നെയാണ് സമീപിച്ചത്. രണ്ടിലും ഞാൻ തൃപ്തനായില്ല. അതിനാല്‍ ചെയ്തില്ല. അല്ലാത്തപക്ഷം, രജനികാന്തുമായി എന്ത് പ്രശ്‌നമാണ് എനിക്ക്?" സത്യരാജ് പറഞ്ഞു. 

‘കൂലി’യിൽ രജനികാന്തിന്‍റെ സുഹൃത്തായാണോ വില്ലനായാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തിന്, പ്രൊഡക്ഷൻ ഹൗസ് ഔദ്യോഗിക പ്രഖ്യാപനം നടത്തട്ടെ എന്ന് പറഞ്ഞ് സത്യരാജ് അതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൂലി'. സൺ പിക്‌ചേഴ്‌സാണ് വൻ ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 

മലയാള സിനിമയിൽ നാഴികക്കല്ലായി 'ഗോളം': പ്രേക്ഷകർക്കായി ഇന്‍ററാക്ടീവ് എ.ആർ അനുഭവം

ജയിലര്‍ 2 മോഹന്‍ലാലും ശിവരാജ് കുമാറും സൈഡാകുമോ?; വരുന്നത് മറ്റൊരു മാസ് അവതാരം !