ഗുരുവായൂര്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. 

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്‍റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്‍റേത്. പിന്നീട് വൈറസിലും മികച്ച വേഷത്തില്‍ സെന്തില്‍ എത്തി. 


ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം. വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.