കലാഭവൻ നവാസിനെ കുറിച്ച് ചലച്ചിത്ര താരം ഷാജു ശ്രീധര്‍.
സിനിമാ രംഗത്തും മിമിക്രി രംഗത്തും സജീവമായിരുന്ന നടൻ കലാഭവൻ നവാസിന്റെ വിയോഗം വലിയ ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാസമൂഹവും കേട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രിയതാരത്തിന്റെ വിയോഗം. ഇപ്പോഴിതാ ഉറ്റുസഹൃത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ ഷാജു ശ്രീധറും ഭാര്യയും നടിയുമായ ചാന്ദ്നിയും. നവാസിനോടും കുടുംബത്തോടും ഇരുവർക്കും അടുത്ത സൗഹൃദം ഉണ്ടായിരുന്നു.
''രഹ്ന പൂർണമായും നവാസിക്കയെ ആശ്രയിച്ചാണ് നിന്നത്. പക്ഷെ അവൾ ഇപ്പോൾ പറയുന്നത് നവാസിക്ക ഇതൊക്കെ അറിഞ്ഞത് പോലെയാണ് കുറേക്കാലമായി പെരുമാറിയിരുന്നത് എന്നാണ്. നവാസിക്ക അവളെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് കൊടുത്തു. കുടുംബ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങനെ തോന്നുന്നെന്നാണ് രഹ്ന പറയുന്നത്.
അവളുടെ ലോകം നവാസിക്കയായിരുന്നു. സമയം സീരിയയിൽ എന്റെ അനിയത്തിയായാണ് അവൾ അഭിനയിച്ചത്. അന്ന് തൊട്ടുള്ള അടുപ്പമാണ്. കല്യാണം കഴിഞ്ഞ ശേഷവും നവാസിക്ക അവളെ എറണാകുളത്ത് എന്റെ വീട്ടിൽ കൊണ്ട് വരും. ഞങ്ങളുടെ വിവാഹ വാർഷികം ഒരേ ദിവസമാണ്. ഈ പ്രാവശ്യം ഞാൻ സ്റ്റാറ്റസൊന്നും ഇട്ടില്ല. അന്ന് വല്ലാതെ അവരെ മിസ് ചെയ്തു. കാരണം പരസ്പരം വിഷ് ചെയ്തിരുന്നവരാണ്'', മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ചാന്ദ്നി പറഞ്ഞു.
ഷാജു ശ്രീധറും നവാസിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. ''നവാസിന്റെ ഒരുപാട് വീഡിയോകൾ എന്റെ കയ്യിലുണ്ട്. മരണം നടന്ന അന്ന് ഉച്ചയ്ക്കും ഞങ്ങൾ സംസാരിച്ചു. കുറേ നാൾക്ക് ശേഷമാണ് അന്ന് സംസാരിച്ചത്. ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നു'', ഷാജു ശ്രീധർ പറഞ്ഞു.


