ജെഎസ്‍കെ വിവാദത്തില്‍ നടൻ ഷൈൻ.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ. ജാനകി ഏത് മതത്തിലെ പേരാണ് എന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം. സിനിമയുടെ റിലീസ് സെൻസര്‍ ബോര്‍ഡ് നേരത്തെ തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം.

സൂത്രവാക്യം എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം. ജാനകി എന്നത് ഏത് മതത്തിലെ പേരാണ്?, അത് ഒരു സംസ്‍കാരം അല്ലേ? എവിടെയെങ്കിലും സീതയോ ജാനകിയോ ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?, ഇന്ത്യയിലുള്ള ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ എന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു.

അതിനിടെ, സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്ത സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്‍ജിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൊച്ചിയിലെ കളര്‍ മാജിക് സ്റ്റു‍ഡിയോയില്‍ വെച്ചാണ് ജസ്റ്റിസ് നഗരേഷ് സിനിമ കണ്ടത്. ബുധനാഴ്‍ച ജെഎസ്കെയുമായി ബന്ധപ്പെട്ട ഹര്‍ജിവീണ്ടും പരിഗണിക്കും. സിനിമ കണ്ട ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി അറിയിച്ചത്.

സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് കേരള ഹൈക്കോടതി നേരത്തെ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. നേരത്തെയും സമാനമായ പേരുകളില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും ജെഎസ്കെയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ഇത്തരം പേരുകള്‍ ഉപയോഗിക്കരുതെന്ന് നിയമപ്രകാരം വ്യവസ്ഥകളുണ്ട്, അത് മതവികാരത്തെ അടക്കം വ്രണപ്പെടുത്തുമെന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയാന്‍ ശ്രമിച്ചത്. പക്ഷേ അങ്ങനെ ഒന്നും ഇല്ല. ഭരണഘടന അനുശാസിക്കുന്ന പ്രകാരമുള്ളൊരു പേരില്‍ എന്താണ് പ്രശ്നമെന്നാണ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറു ചോദ്യം ചോദിച്ചത്. നിയമവിരുദ്ധമായൊന്നും ഈ സിനിമയിലോ പേരിലോ ഇല്ല പിന്നെ എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതെന്ന ചോദ്യവും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക