രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് പെദ്ധി.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' 2026 ജൂൺ 4 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിലൂടെ രാം ചരൺ ദേശീയ പുരസ്കാരം സ്വന്തമാക്കും എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്, ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ.

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന്റെ പ്രൊമോഷൻ്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. പെദ്ധിക്ക് അതിശയകരമായ ഒരു കഥയുണ്ട് എന്നും ഇതിലെ തൻ്റെ കഥാപാത്രം മികച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ശക്തമായ സിനിമയുടെ ഭാഗമായതിൽ താൻ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തിന് രാം ചരൺ ദേശീയ അവാർഡ് നേടുമെന്ന് താൻ വിശ്വസിക്കുന്നു എന്നും, അദ്ദേഹത്തിന്റെ ശാരീരിക പരിവർത്തനവും പ്രകടനവും മികച്ചതാണ് എന്നും ശിവരാജ് കുമാർ പറഞ്ഞു. അദ്ദേഹം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുകയും ഏകദേശം രണ്ട് വർഷത്തോളം ഈ വേഷത്തിനായി പൂർണ്ണമായും സമർപ്പിതനായി തുടരുകയും ചെയ്തു. കഥാപാത്രത്തിൽ പൂർണ്ണമായും മുഴുകി, അദ്ദേഹം തികഞ്ഞ സത്യസന്ധതയോടെ അഭിനയിച്ചു എന്നും ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.

ചിത്രത്തിലെ താൻ അവതരിപ്പിക്കുന്ന ഗൗർ നായിഡു എന്ന കഥാപാത്രത്തിന് വ്യക്തമായ ലക്ഷ്യവും ശക്തമായ പ്രചോദനവുമുണ്ട് എന്നും, സംവിധായകൻ ബുച്ചി ബാബു ഈ കഥാപാത്രത്തെ മനോഹരമായി ആണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു പരിശീലകന്റെ വേഷത്തിന് സമാനമാണ്. പെദ്ധിയുടെ യാത്ര അസാധാരണമാണ്, നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പെദ്ധിയും ഗൗർ നായിഡുവും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്. അവർ തമ്മിലുള്ള സ്നേഹം, വാത്സല്യം, വൈകാരിക ബന്ധം എന്നിവ പ്രേക്ഷകരിൽ പ്രതിധ്വനിക്കും എന്ന് ശിവരാജ് കുമാർ വിശദീകരിച്ചു.

രാം ചരൺ, സംവിധായകൻ ബുച്ചി ബാബു സന, തുടങ്ങി മറ്റെല്ലാ സാങ്കേതിക വിദഗ്ധരും തന്നോട് വളരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയും പെരുമാറി എന്നും തങ്ങൾ ഒരു കുടുംബം പോലെ പ്രവർത്തിച്ചപ്പോൾ, ആ പിന്തുണയുള്ള അന്തരീക്ഷം കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തന്നെ സഹായിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. ബുച്ചി ബാബു ഈ സിനിമയെ മികച്ച രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ചലച്ചിത്രനിർമ്മാണ ശൈലിയും നിർവ്വഹണവും മികച്ചതാണ് എന്നും സൂപ്പർതാരം പറയുന്നു. കഥയ്ക്ക് ആവശ്യമായത് അദ്ദേഹം കൃത്യമായി പകർത്തി. അദ്ദേഹത്തിന്റെ കഥപറച്ചിൽ അസാധാരണമാണ് എന്നും ശിവരാജ് കുമാർ പറഞ്ഞു.

ജഗപതി ബാബു ഉൾപ്പെടെ ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞ ശിവരാജ് കുമാർ, രത്നവേലുവിന്റെ ദൃശ്യങ്ങൾ മനോഹരമാണെന്നും കൂട്ടിച്ചേർത്തു. സിനിമയിൽ നിരവധി കായിക വിനോദങ്ങൾ ഉൾപ്പെടുന്നു എന്നും, അവ ഓരോന്നും കഥയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ചിത്രത്തിൻ്റെ ക്ലൈമാക്‌സ് വളരെ ആശ്ചര്യകരമാണ് എന്ന് പറഞ്ഞ അദ്ദേഹം, അതിന്റെ അനുഭവം ശരിക്കും ലഭിക്കാൻ തീയേറ്ററിൽ തന്നെ വരണമെന്നും പറയുന്നു. ചിത്രത്തിൻ്റെ നിർമ്മാതാവ് സതീഷ് വളരെ അഭിനിവേശമുള്ള ഒരു നിർമ്മാതാവാണ് എന്നും മികച്ച നിർമ്മാണ മൂല്യങ്ങളോടെയാണ് അദ്ദേഹം ഈ അഭിമാനകരമായ പ്രോജക്റ്റ് ഏറ്റെടുത്തിരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഈ ചിത്രം കൂടാതെ താൻ ഇപ്പോൾ ഗുമ്മാടി നർസയ്യ, ജയിലർ 2 എന്നിവയിൽ പ്രവർത്തിക്കുന്നു എന്നും, നല്ല തിരക്കഥകൾ ലഭിക്കുകയാണെങ്കിൽ, തീർച്ചയായും കൂടുതൽ തെലുങ്ക് സിനിമകൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് കഥ പറയുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക