നടൻ വിനീതിനൊപ്പമുള്ള നടി ശോഭനയുടെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍ 

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശോഭന. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങിനില്‍ക്കുകയാണ്. സാമൂഹ്യ മാധ്യമത്തിലൂടെ ശോഭന തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

എന്റെ സഹോദരനും ഞാനും എന്ന് പറഞ്ഞ് വിനീതിനൊപ്പമുള്ള ഫോട്ടോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. നടി ശോഭനയും ബന്ധുവുമായ വിനീതും ഫോട്ടോയില്‍ നര്‍ത്തകരുടെ വേഷത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. എന്തായാലും നടി ശോഭന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഹിറ്റാക്കിയിരിക്കുകയാണ്. മികച്ച ഡാൻസിംഗ് ജോഡി എന്നാണ് ഫോട്ടോയോട് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.

View post on Instagram

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2020ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ജോഡിയായിരുന്നു ശോഭന. 'നീന' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ശോഭന അഭിനയിച്ചത്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.

'ഏപ്രില്‍ 18' എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി വെള്ളിത്തിരിയുടെ ഭാഗമാകുന്നത്. ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ ശോഭന നായികയായി പേരെടുത്തു. 'മണിച്ചിത്രത്താഴ്' എന്ന ക്ലാസിക് ഹിറ്റ് ചിത്രമാണ് ശോഭനയ്‍ക്ക് ഏറ്റവും പ്രശംസ നേടിക്കൊടുത്തത്. 'മണിച്ചിത്രത്താഴില്‍ 'നാഗവല്ലി', 'ഗംഗ' എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയ്‍ക്ക് അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശോഭന മികച്ച കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടി രേവതി ആദ്യമായി സംവിധാനം ചെയ്‍ത 'മിത്ര്: മൈ ഫ്രണ്ട്' എന്ന ചിത്രത്തിലെ അഭിനയത്തിനും ശോഭന മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. എന്നും ഓര്‍ക്കുന്ന വൻ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Read More: 'വാരിസി'ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍