ഉയരെയില്‍ പല്ലവി രവീന്ദ്രന്‍റെ അച്ഛന്‍ വേഷത്തില്‍ കയ്യടി നേടിയ സിദ്ദിഖും പാര്‍വതിയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്

കൊച്ചി: ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിന്‍റെ പേരില്‍ പാര്‍വതിക്ക് വലിയ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. ആസിഡാക്രമണം എല്‍ക്കുകയും മനശക്തികൊണ്ട് അതിനെ അതിജീവിക്കുകയും ചെയ്യുന്ന പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ അതിമനോഹരമാക്കാന്‍ പാര്‍വതിക്ക് സാധിച്ചെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രത്തില്‍ പല്ലവി രവീന്ദ്രന്‍റെ അച്ഛന്‍ വേഷത്തില്‍ കയ്യടി നേടിയ സിദ്ദിഖും പാര്‍വതിയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

ഉയരെയിലെ പല്ലവി എന്ന കഥാപാത്രത്തിനായി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം കണ്ട് ഞെട്ടിപ്പോയെന്നാണ് സിദ്ദിഖ് തുറന്നുപറഞ്ഞിരിക്കുന്നത്. പാര്‍വതിയുടെ അര്‍പ്പണമനോഭാവത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും സിദ്ദിഖ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. പാര്‍വതിയുടെ പ്രായംവെച്ച് നോക്കുന്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.

പാര്‍വതിയുടെ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്ത സിദ്ദിഖ് മലയാളസിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതിയെന്നും ചൂണ്ടികാട്ടി.