നടൻ സൂരി നായകനാകുന്ന ഏഴാമത്തെ ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. താൽക്കാലികമായി 'സൂരി07' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നടൻ ശിവകാർത്തികേയൻ ക്ലാപ്പടിച്ച് തുടക്കം കുറിച്ചു.

നടൻ സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ആരംഭം. താൽക്കാലികമായി സൂരി07 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് ചെന്നൈയിൽ വച്ച് നടന്നു. നടൻ ശിവകാർത്തികേയൻ സിനിമയ്ക്ക് ആശംസകൾ അറിയിക്കുകയും ക്ലാപ്പ് അടിച്ച് ആരംഭം കുറിക്കുകയും ചെയ്തു. സൂരി നായകനായി എത്തുന്ന ഏഴാമത്തെ ചിത്രമാണിത്. മലയാള താരം രജിഷ വിജയൻ ആണ് നായിക.

'ഇൻട്ര് നേട്ര് നാളൈ', 'അയലാൻ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ആർ. രവികുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രമുഖ തെലുങ്ക് നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുക. നവീൻ യെർനേനിയും വൈ. രവിശങ്കറും ആണ് നിർമ്മാണം. തമിഴിനൊപ്പം തെലുങ്കിലും ചിത്രം ഒരുങ്ങുന്നുണ്ട്. 2015-ൽ ചെന്നൈയിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തീവ്രമായ വൈകാരിക ഡ്രാമയാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

മണ്ടാടി എന്ന ചിത്രമാണ് സൂരിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 100 കോടി രൂപ നേടി. മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming