'ഇപ്പോഴും പുറത്തു പോയാൽ എല്ലാവരും വിളിക്കുന്നത് സോഫി എന്നാണ്'.

റേറ്റിംഗില്‍ എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്‍റെ മാനസപുത്രി'. 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ശ്രീകല ശശിധരനായിരുന്നു സോഫിയെ അവിസ്മരണീയമാക്കിയത്. അഭിനയരംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശ്രീകല. ഇക്കഴിഞ്ഞ ദിവസം സീരീയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനും താരം എത്തിയിരുന്നു. ഈ വേദിയിലും സോഫിയെക്കുറിച്ചു തന്നെയാണ് മാധ്യമങ്ങൾ ശ്രീകലയോട് ചോദിച്ചതും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''എത്രയോ സീരിയലുകൾ ചെയ്തു. പത്തു പതിനെട്ടു വർഷമായി ഈ ഫീൽഡിൽ. ഒരുപാട് സീരിയലുകൾ ചെയ്തെങ്കിലും ഇപ്പോഴും പുറത്തു പോയാൽ എല്ലാവരും വിളിക്കുന്നത് സോഫി എന്നാണ്. അത്രയും ജനങ്ങൾ അത് ഏറ്റെടുത്തു എന്നത് വലിയ കാര്യമാണ്. ആ സീരിയലിലെ എല്ലാ കാഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു. തോബിയാസ് എന്ന വില്ലൻ കഥാപാത്രത്തിനായാൽ പോലും വലിയ പ്രധാന്യം ഉണ്ടായിരുന്നു ആ സീരിയലിൽ. ഇന്ന് ഇവിടെ വന്നപ്പോൾ അവരിൽ ചിലരെയൊക്കെ കണ്ടു. കുറേപ്പേരുടെ ഒപ്പം നിന്ന് ഫോട്ടോസ് എടുത്തു. എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷമായി. കൂടെ ഒരുമിച്ച് അഭിനയിച്ചവരെയൊക്കെ കുറേക്കാലത്തിനു ശേഷം കാണുന്നതാണ്. അതുകൊണ്ടു തന്നെ എല്ലാ മീറ്റിങ്ങുകൾക്കും മുടങ്ങാതെ വരാൻ ഞാൻ ശ്രമിക്കാറുണ്ട്'', ശ്രീകല പറ‍ഞ്ഞു.

സ്വഭാവസവിശേഷതകളാല്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരമ്പരയായിരുന്നു എന്‍റെ മാനസപുത്രി. അതില്‍ സോഫിയോടൊപ്പമായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗവും. മാനസപുത്രിയിലെ സോഫിയായാണ് അറിയപ്പെടുന്നതെങ്കിലും അതുകൂടാതെ ഇരുപതിലധികം പരമ്പരകളിലും നിരവധി സിനിമകളിലും ശ്രീകല വേഷമിട്ടിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ശ്രീകല മികച്ചൊരു നർത്തകി കൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക