Asianet News MalayalamAsianet News Malayalam

നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം

ഓൺലൈൻ അവതാരകയുടെ പരാതിയില്‍ നടനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Actor Sreenath Bhasi granted bail in case of insulting online anchor
Author
First Published Sep 26, 2022, 6:05 PM IST

കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍)  294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും. 

'ചട്ടമ്പി' എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതിയില്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ നടന്‍ സംസാരിക്കുക ആയിരുന്നുവെന്നും പരാതിയുണ്ട്. 

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

"എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല", എന്നാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതിരിച്ചിരുന്നത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

അതേസമയം, പരാതിയിൽ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞത്. ഇതിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വിശദീകരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios