Asianet News MalayalamAsianet News Malayalam

'ഇംഗ്ലിഷ് വിംഗ്ലിഷി'ന് പത്താം വാര്‍ഷികം, ശ്രീദേവിയുടെ സാരികള്‍ ലേലം ചെയ്യുന്നു

ശ്രീദേവിയുടെ സാരികള്‍ ലേലം ചെയ്യുമെന്ന് സംവിധായിക.

Actor Sridevis sarees from English Vinglish will be auctioned
Author
First Published Oct 4, 2022, 8:10 PM IST

ശ്രീദേവി പ്രധാന കഥാപാത്രമായി 2012ല്‍ റിലീസ് ചെയ്‍ത ചിത്രമാണ് 'ഇംഗ്ലിഷ് വിംഗ്ലിഷ്'. ഗൗരി ഷിൻഡെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിയത്. ചിത്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശ്രീദേവിയുടെ സാരിയും ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഗൗരി ഷിൻഡെ.

'ഇംഗ്ലിഷ് വിംഗ്ലിഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്രീദേവി ധരിച്ചിരുന്ന സാരിയാണ് ലേലം ചെയ്യുക. ശ്രീദേവി ധരിച്ചിരുന്ന സാരികള്‍ താൻ സൂക്ഷിച്ചു വെച്ചിരുന്നതായി ഗൗരി ഷിൻഡെ പറയുന്നു. സാരി ലേലം ചെയ്യുന്നതില്‍ നിന്നുള്ള പണം പെണ്‍കുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എൻജിഒയ്‍ക്കാണ് നല്‍കുക. ചിത്രത്തിന്റെ പത്താം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അന്ധേരിയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട് എന്ന് ഗൗരി ഷിൻഡെ പറഞ്ഞു.

പതിനഞ്ചു വര്‍ഷത്തിനു ശേഷം ശ്രീദേവി അഭിനയരംഗത്തേയ്‍ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു 'ഇംഗ്ലിഷ് വിംഗ്ലിഷ്'. ഗൗരി ഷിൻഡെ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ആദില്‍ ഹുസൈനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനും തമിഴ് ചിത്രത്തില്‍ അജിത്തും അതിഥി താരമായും അഭിനയിച്ചു.

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ ശ്രീദേവി പിന്നീട്  ഒരു കാലഘട്ടത്തില്‍ ഇന്ത്യൻ സിനിമയുടെ നായികയായി നിറഞ്ഞാടിയിരുന്നു. അക്കാലത്തെ ഹിറ്റുകളില്‍ മിക്കതും ശ്രീദേവി തന്റെ പേരിലാക്കി. നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാല്‍ അക്കാലത്തുപോലും വിസ്‍മയിപ്പിക്കാൻ ശ്രീദേവിക്കായി എന്നത് അവരുടെ പ്രതിഭയ്‍ക്ക് സാക്ഷ്യം. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് രാജ്യമൊട്ടാകെ ലഭിച്ചത്. ഹിന്ദിയിലും തമിഴിലുമൊക്കെ ശ്രീദേവി ഹിറ്റുകള്‍ നിരന്തരം സ്വന്തമാക്കി. പഴയകാലത്തെയും ഇന്നത്തെയും ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകളുടെയുമൊപ്പം തലപൊക്കമുള്ള താരമായിരുന്നു ശ്രീദേവി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നടിയാണ് ശ്രീദേവി. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം.  ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പൊലീസിൽ വ്യക്തമാക്കി. എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം

Follow Us:
Download App:
  • android
  • ios