കാതലില്‍ തങ്കന്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകര്‍ നെഞ്ചേറ്റിയ താരം. 

മീപകാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കാതൽ ദ കോർ. ആരും തൊടാൻ ഒന്ന് മടിക്കുന്ന പ്രമേയം ആസ്പദമാക്കി സിനിമ ഒരുക്കിയത് ജിയോ ബേബി ആയിരുന്നു. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു തങ്കൻ. കാലങ്ങളായി മലയാള സിനിമയിൽ ഉള്ള സുധി കോഴിക്കോട് ആയിരുന്നു ഈ കഥാപാത്രം ​ഗംഭീരമായി അഭിനയിച്ചത്. സിനിമയ്ക്ക് പിന്നാലെ ഇത്തരത്തിൽ സ്വത്വം പുറത്തുപറയാൻ മടിച്ച, തുറന്നു പറഞ്ഞതിന്റെ പേരിൽ നേരിട്ട പ്രതിസന്ധികൾ പറഞ്ഞ് നിരവധി പേർ തന്നെ വിളിച്ചിരുന്നുവെന്ന് സുധി മുൻപ് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരനുഭവം ആണ് നടൻ ഇപ്പോൾ പങ്കുവയ്ക്കുന്നത്. 

കഴിഞ്ഞ ദിവസം തനിക്കൊരു ഫോൺ കോൾ വന്നെന്നും കാതലിലെ ഓമനയെ പോലെ അനുഭവം ഉള്ള ആളായിരുന്നു അതെന്നും സുധി കോഴിക്കോട് പറയുന്നു. അവരുടെ അനുഭവം കേട്ട് കെട്ടിപ്പോയെന്നും താരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തലസ്ഥാനത്ത് നടക്കുന്ന ഐഎഫ്എഫ്കെയിൽ എത്തിയതായിരുന്നു സുധി. 

'വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല'

"കാതലിന് ശേഷം എനിക്ക് ഒത്തിരി പേരുടെ ഫോൺ കോൾസ് വന്നിരുന്നു. ഇതുവരെയും തന്റെ സ്വത്വം തുറന്നു പറയാത്ത ആളുകൾ വരെ അക്കൂട്ടത്തിൽ ഉണ്ട്. അവര് എന്നോട് മാത്രം പറഞ്ഞതാണ്. ഇന്നലെ അങ്ങനെ ഒരു കോൾ വന്നു. ഞാൻ ഞെട്ടിപ്പോയി. ഓമനയുടെ ക്യാരക്ടറിനെ പോലൊരാള്‍ എന്നെ വിളിച്ചു. ഷോക്ക്ഡ് ആയി പോയി ഞാന്‍. എത്ര ഓമനമാര്‍ ഉണ്ട് എന്നുള്ളതാണ്. ഓമന മാത്രമല്ല, മാത്യുവും തങ്കനും ഓക്കെ ഉണ്ട്. സമൂഹത്തില്‍ എന്തെങ്കിലും ഒരു ചലനം ഉണ്ടാക്കാന്‍ ഈ സിനിമ കൊണ്ട് സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്. തൊടാന്‍ മടിക്കുന്നൊരു കണ്ടന്‍റ് എടുത്ത് ചെയ്യുക എന്നത്, നാളെ മറ്റുള്ളവര്‍ക്കുള്ള ഒരു പ്രചോദനം കൂടിയാണ്. അത്തരത്തിലുള്ള കണ്ടന്‍റില്‍ സിനിമകള്‍ ചെയ്യാന്‍ കൂടുതൽ പേർ വരും എന്ന് ഞാന്‍ വിശ്വാസിക്കുന്നു", എന്നാണ് സുധി കോഴിക്കോട് പറഞ്ഞത്. 

തൊടാൻ മടിക്കുന്ന കണ്ടന്റ് എടുത്ത് സിനിമ ആക്കിയത് നാളെ മറ്റുള്ളവർക്ക് പ്രചോദനമാകും: സുധി കോഴിക്കോട്