'ജാനകി' എന്ന പേര് മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് റിലീസ് തടഞ്ഞിരിക്കുന്നതെന്നാണ് വിവരം.
കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും സംവിധായകന്‍ അറിയിച്ചു.
ജാനകി എന്ന പേര് സിനിമയിൽ നിന്നും മാറ്റണമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശം. കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണ് ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അനുപമ പരമേശ്വരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് നേരത്തെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
2022ൽ പ്രഖ്യാപിച്ച സിനിമയാണ് ജെഎസ്കെ. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റിലീസ് പ്രഖ്യാപിച്ചത്. ഒരു വർഷവും എട്ട് മാസത്തിനും ഇപ്പുറം റിലീസ് ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കൂടിയായിരുന്നു ജെഎസ്കെ. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്.സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന മോഷൻ പോസ്റ്ററും ടീസറുമെല്ലാം ഏറെ അഭിപ്രായം നേടിയിരുന്നു.

