മോഹൻലാൽ നായകനാകുന്ന ദൃശ്യം 3 യുടെ റിലീസ് സംബന്ധിച്ച സസ്പെൻസ് പൊളിച്ച് സംവിധായകൻ ജീത്തു ജോസഫ്

സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം 3. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒറിജിനല്‍ പതിപ്പും അഭിഷേക് ബച്ചനെ നായകനാക്കി അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ഹിന്ദി റീമേക്കും ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും. ഇതില്‍ ഹിന്ദി റീമേക്കിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ നേരത്തേ അറിയിച്ചിരുന്നു. ഒക്ടോബര്‍ 2 ന് ചിത്രം തിയറ്ററുകളില്‍ എത്തും. എന്നാല്‍ ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുള്ള മലയാളം പതിപ്പിന്‍റെ റിലീസ് സംബന്ധിച്ച് അറിയിപ്പുകളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അത് സംബന്ധിച്ച സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ജീത്തു ജോസഫ്.

റിലീസ് എപ്പോള്‍?

ചിത്രം ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്ന് ജീത്തു ജോസഫ് പറഞ്ഞു. രാജഗിരി ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യം 3 ന് മുന്‍പ് തന്‍റെ സംവിധാനത്തില്‍ വരാനിരിക്കുന്ന വലതുവശത്തെ കള്ളനെക്കുറിച്ചും പ്രസംഗത്തില്‍ ജീത്തു ജോസഫ് സൂചിപ്പിച്ചു. ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്‍റെ തന്നെ വലിയ ഭാരം ഉള്ളില്‍ ഉണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ഏപ്രില്‍ ആദ്യ വാരം ചിത്രം തിയറ്ററുകളില്‍ കാണാം. അതിന്‍റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു. ജനുവരി 30 ന് എന്‍റെ മറ്റൊരു സിനിമയായ വലതുവശത്തെ കള്ളന്‍ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്, ജീത്തു ജോസഫ് പറഞ്ഞു.

റൈറ്റ്സ്

അതേസമയം ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് വാങ്ങിയിരുന്നു. ഇതിനോടനുബന്ധിച്ച് പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളികമായ പെന്‍ മൂവീസും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ളവരുടെ വാക്കുകള്‍ ഉണ്ടായിരുന്നു. തന്‍റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും വര്‍ഷങ്ങളായി തുടരുന്ന ആളാണ് ജോര്‍ജുകുട്ടിയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് അയാളിലേക്ക് വീണ്ടും പോകുന്നത്. അദ്ദേഹത്തിന്‍റെ യാത്ര എവിടേക്കാണ് മുന്നേറുന്നതെന്നത് പ്രേക്ഷകര്‍ കാണാനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് ഞാന്‍, മോഹന്‍ലാലിന്‍റെ വാക്കുകള്‍.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming