ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ​ഗോപിയും ഒന്നിക്കുന്നു

നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഒരു പൊരുങ്കളിയാട്ടം' എന്നാണ് ചിത്രത്തിന്റെ പേര്. മലയാള‍ത്തിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റുകളിൽ ഒന്നായ കാളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 

'1997ൽ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ​ഗോപിയും ചേർന്ന് ഒരുക്കിയതാണ്. ഇപ്പോൾ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഒന്നിക്കുന്നു. 'ഒരു പൊരുങ്കളിയാട്ടം'. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇത്', എന്നാണ് ജയരാജ് സിനിമ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അനശ്വര രഞ്ജൻ, 'കെജിഎഫ്-ചാപ്റ്റർ 2' ഫെയിം ബി എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കണ്ണന്‍ പെരുമലയം എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി സ്വന്തമാക്കുകയും ചെയ്തിരുന്നു. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്.

ബേസിലിന് 'ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ' പുരസ്കാരം; അഭിമാനമെന്ന് മലയാളികൾ

അതേസമയം, സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം 'തമിഴരശന്‍റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം മാര്‍ച്ച് 31ന് ആണ് തിയറ്ററുകളില്‍ എത്തുക. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ.