ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളിയായി മാറി. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളിയായി സഞ്ജു സാംസണ്‍. ഫൈനലിന് മുമ്പ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് ഇന്‍സ്റ്റയില്‍ ഉള്ള ഫോളോവേഴ്‌സിന്റെ എണ്ണം 14.8 മില്യണ്‍ ആയിരുന്നു. അതായത് 1.4 കോടി ഫോളോവേഴ്‌സ്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ഇന്നിംഗ്‌സുകള്‍ക്ക് ശേഷം അദ്ദേഹത്തിന് വേഗത്തില്‍ ഫോളോവേഴ്‌സ് വര്‍ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു, ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും അടിച്ചെടുത്തിരുന്നു.

ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറികളും രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും സഞ്ജു സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ എങ്ങും സഞ്ജു തരംഗവുമായിരുന്നു. ആരാധകര്‍ക്കൊപ്പം ഐപിഎല്ലിലെ വിവിധ ടീമുകളും ഇന്ത്യന്‍ ടീമും ഐസിസി തന്നെയും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജുവിനെ ആഘോഷിച്ചു. ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരേയും നിര്‍ണായക പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായി.

ന്യൂസിലന്‍ഡിനെതിരേയും സഞ്ജു 89 റണ്‍സ് അടിച്ചെടുത്തിരുന്നു. മാത്രമല്ല, ടൂര്‍ണമെന്റിലെ താരവും സഞ്ജു തന്നെയായിരുന്നു. ഇതോടെ ആഘോഷത്തിന് കുറവൊന്നും വന്നില്ല. വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ വാഴ്ത്തി പോസ്റ്റുകളുമായെത്തി. ഐസിസിയും ബിസിസിയും നല്ലവാക്കുകള്‍ കൊണ്ട് സഞ്ജുവിനെ പൊതിഞ്ഞു. ഇതോടെയാണ് സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചത്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് 17 കോടിയിലധികം ഫോളോവേഴ്‌സായി.

നിലവില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളി സഞ്ജു. ലോകകപ്പിലെ പ്രകടനം മികച്ചതായപ്പോള്‍ സഞ്ജുവിന് പിന്നിലായത്, ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും. നാലാം സ്ഥാനത്തുള്ള ദുല്‍ഖറിന് 15.9 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. അനുപമയ്ക്ക് 16.6 ഫോളോവേഴ്‌സും. കീര്‍ത്തി സുരേഷ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 18.8 മില്യണ്‍ ആണ് കീര്‍ത്തി സുരേഷിന് ഇന്‍സ്റ്റയിലുള്ള ഫോളോവേഴ്‌സ്. വരും ദിവസങ്ങളില്‍ സഞ്ജു കീര്‍ത്തിയേയും മറികടക്കുമെന്നുറപ്പാണ്.

YouTube video player