കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു.

ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ്. സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്. സംഘട്ടനരംഗങ്ങളുടെ  ചിത്രീകരണത്തിനിടെ വയറിന് ഏറ്റ ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു താരം.