സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ്  'അന്വേഷിപ്പിൻ കണ്ടെത്തും'.

പൊലീസ് ഇൻവെസ്റ്റി​ഗേഷൻ സിനിമകൾ കാണാൻ മലയാളികൾക്ക് ഏറെ താല്പ‍ര്യമാണ്. അത്തരത്തിലുള്ള നിരവധി സിനിമകൾ മുൻപ് പുറത്തിറങ്ങിയിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് എത്തുകയാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രം. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 

മുൻപ് നടന്നൊരു കൊലപാതകവും ആ കേസ് റീ ഓപ്പൺ ചെയ്യുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ടൊവിനോ തോമസ് എത്തുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തും. 

സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. രണ്ട് പുതുമുഖങ്ങളാണ് നായികമാർ. 

Anweshippin Kandethum - Official Trailer | Tovino Thomas | Darwin Kuriakose | 9th Feb 2024

സിനിമയുടെ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

അതിനി ഒഫീഷ്യൽ; നടൻ രാജേഷ് മാധവന് പ്രണയസാഫല്യം, ഭാവി വധു ആള് ചില്ലറക്കാരിയല്ല..!