'ബാലൻ ദി ബോയ്' എന്ന സിനിമയിലെ കഥാപാത്രത്തിനായി താൻ മദ്യപിച്ചുവെന്ന തരത്തിൽ ഒരു ഓൺലൈൻ മാധ്യമം പ്രചരിപ്പിച്ച വ്യാജവാർത്തയ്ക്കെതിരെ നടൻ ടൊവിനോ തോമസ് രംഗത്ത്.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം. ഇതായിരുന്നു ബാലൻ ദി ബോയ് എന്ന സിനിമയുടെ പ്രധാന യുഎസ്പി. ഒപ്പം ജീത്തു മാധവന്റെ തിരക്കഥ കൂടിയായപ്പോൾ പ്രേക്ഷകന്റെ കാത്തിരിപ്പിന് ആക്കം കൂടി. ഒടുവിൽ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. കഥപറച്ചിലിലും മേക്കിങ്ങിലും അഭിനയത്തിലും ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രം ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ്. ചിത്രത്തിൽ ടൊവിനോ തോമസും സുപ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ടൊവിനോയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് എന്ന് പ്രേക്ഷകർ വിധിയൊഴുതുന്ന വേഷം കൂടിയാണിത്.
ബാലൻ തിയറ്ററിൽ വിജയകരമായി മുന്നേറുന്നതിനിടെ തനിക്കെതിരെ വന്നൊരു വ്യാജ വാർത്തയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ബാലന്റെ പ്രസ്മീറ്റിനിടെ ടൊവിനോ പറഞ്ഞ കാര്യത്തെ വേറൊരു രീതിയിൽ മാറ്റി കാർഡ് അടിച്ച ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് ടൊവിനോ രംഗത്ത് എത്തിയത്. "ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു, രണ്ടെണ്ണം അടിച്ച്, കവിളൊക്കെ തുടുത്താണ് ഞാന്‍ ബാലനില്‍ ജോയിന്‍ ചെയ്യുന്നത്", എന്നായിരുന്നു കാർഡിലെ വാചകം.
ഇത് ശ്രദ്ധയിൽപ്പെട്ട ടൊവിനോ, "അല്ലയോ മഞ്ഞ പത്രമേ, ഞാന്‍ കണ്ടെണ്ണം അടിച്ച് അല്ല ഈ കഥാപാത്രം ചെയ്തത്. ഇതു റിപ്പോര്‍ട്ട് ചെയ്തവന്‍ രണ്ടെണ്ണം അടിച്ചിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് തോന്നുന്നു. 'heights of misquoting' നീയൊക്കെ എവിടെ കൊണ്ടാണ് കേള്‍ക്കുന്നത്?", എന്നാണ് വാർത്തയ്ക്ക് താഴെ കമന്റായി കുറിച്ചത്.

പ്രസ് മീറ്റിൽ ടൊവിനോ തോമസ് പറഞ്ഞത്
ദിവസവും ബിരിയാണി കഴിക്കുന്ന, കള്ളു കുടിക്കുന്ന ഒരാള്‍ ആണ് എന്‍റെ വേഷം. അപ്പോഴാണ് ഈ വയറിന്‍റെ കാര്യമൊക്കെ ചിന്തിച്ചത്. വയറ് പ്രോസ്തെറ്റിക് ആണ്. ഞാൻ ഫുൾ ഫിറ്റായി ഇരുന്നാൽ ആ കഥാപാത്രത്തിന് ഒട്ടും സെറ്റാവുകയില്ല. അതുകൊണ്ട് ഒരാഴ്ച ബ്രേക്ക് എടുത്ത് ഞാന്‍ ദുബായ്ക്ക് പോയി. സുഹൃത്തുക്കള്‍ക്കൊപ്പം ചില്ല് ചെയ്ത് കവിളൊക്കെ തുടുത്തിട്ടാണ് തിരിച്ച് വരുന്നത്. ആ സമയത്ത് വര്‍ക്കൗട്ടുകളും ചെയ്തില്ല. കാരണം ശരീരം ഒന്ന് ലൂസ് ആവണമായിരുന്നു.



