ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായിരുന്ന 'പവിത്രം' അവസാനിച്ചെങ്കിലും, അതിൻ്റെ രണ്ടാം ഭാഗം എത്തുന്നു. 'പവിത്രം 2' ടെലിവിഷനിൽ ലഭ്യമാകില്ല. പകരം, ജൂലൈ 13 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ മാത്രമായിരിക്കും സ്ട്രീം ചെയ്യുക.

സിനിമകൾ പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ് സീരിയലുകൾ. സിനിമാ താരങ്ങളെ പോലെ തന്നെ സീരിയൽ താരങ്ങളേയും അവർ നെഞ്ചേറ്റാറുണ്ട്. പ്രത്യേകിച്ച് അമ്മമാർ. ഇവരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ പവിത്രം. അടുത്ത കാലത്തായി മലയാളം ടെലിവിഷൻ ചരിത്രത്തിലെ ജനപ്രിയ പരമ്പരയും റേറ്റിങ്ങിൽ മുൻപന്തിയിലുമുണ്ടായിരുന്ന പരമ്പരയും ഇതായിരുന്നു. ഏതാനും നാളുകൾക്ക് മുൻപായിരുന്നു പവിത്രം അവസാനിച്ചത്. എന്നാൽ ഇതിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്നറിഞ്ഞത് മുതൽ അത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു സീരിയൽ പ്രേമികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

‌പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ പവിത്രം 2 വീണ്ടും എത്തുകയാണ്. എന്നാല്‍ രണ്ടാം വരവ് ടിവിയില്‍ കാണാന്‍ സാധിക്കില്ല. പകരം ജിയോ ഹോട്സ്റ്റാറില്‍ മാത്രമാകും കാണാന്‍ സാധിക്കുക. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമില്‍ ഓടുന്ന ആദ്യത്തെ മലയാളം സീരിയല്‍ കൂടിയാകും ഇത്. ടിവിയില്‍ സീരിയലിന്റെ പ്രൊമോ കാണിക്കുമെങ്കിലും ഹോട്സ്റ്റാറിലാകും സ്ട്രീമിംഗ് നടക്കുക. ജൂലൈ 13-ാം തിയതി മുതൽ ഹോട്സ്റ്റാറില്‍ പവിത്രം 2 സ്ട്രീം ചെയ്യും. രാവിലെ ആകും സീരിയലിന്റെ സ്ട്രീമിം​ഗ് എന്നാണ് വിവരം.

ഇതര ഭാഷാ സീരിയലിന്റെ മലയാളം റീമേക്ക് ആയിരുന്നു പവിത്രം. 2024 ഡിസംബർ 16-ന് ആയിരുന്നു സീരിയലിന്റെ സംപ്രേഷണം. സുരഭി സന്തോഷ് , ‌ശ്രീകാന്ത് ശശികുമാർ, നയന ജോസൻ, അനില ശ്രീകുമാർ, വി.കെ. ബൈജു തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. വിക്രം, വേദ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുന്നോട്ട് പോയത്. 

അപരിചിതരായിരുന്ന ഇരുവർക്കും അപ്രതീക്ഷിത സാഹചര്യത്തിൽ വിവാഹിതാകേണ്ടി വരുന്നു. പിന്നീട് വിക്രമും വേദയും തമ്മിൽ അടുക്കുന്നു. എന്നാൽ വേദയുടെ വീട്ടുകാരുടെ ദുരഭിമാനവും സ്വത്തും അഭിമാനവും മാത്രം കൊതിച്ച ഏട്ടനും അമ്മാവനും കൂടി ഇവരെ കൊല്ലാക്കൊല ചെയ്യുന്നുണ്ട്. പിന്നീട് ഇവരുടെ ജീവിതത്തിൽ നടന്ന വിഷമകരവും സംഭവബഹുലമായ മുഹൂർത്തങ്ങളുമൊക്കെ ആയിരുന്നു പവിത്രം പറഞ്ഞത്. ഒടുവിൽ നിറവയറുമായി വിക്രം(ജയിലിൽ) കൂട്ടിനില്ലാതെ വേദയ്ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത് വരെയായിരുന്നു പവിത്രം കഥ പറഞ്ഞ് അവസാനിപ്പിച്ചത്. ഇതിന്റെ ബാക്കി ഭാ​ഗം ആകും ജിയോ ഹോട്സ്റ്റാറിലൂടെ മാത്രം മലയാളം സീരിയൽ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming