കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ‘കാണെക്കാണെ’എന്ന സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ താരത്തിന് വലിയ വരവേല്‍പ്പാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്. കേക്ക് മുറിച്ചായിരുന്നു ടൊവിനോയുടെ തിരിച്ചുവരവ് ആഘോഷിച്ചത്.

മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയുമായുള്ള കോന്പിനേഷൻ സീനുകളാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. സുരാജ് വെഞ്ഞാറമ്മൂടും ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കള എന്ന സിനിമയുടെ പിറവത്തെ ലൊക്കേഷനില്‍വെച്ച് പരിക്കേറ്റ ടൊവിനോ 6 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് താരം ലൊക്കേഷനിലേക്ക് എത്തിയത്.