ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് നടൻ ഉണ്ണിമുകുന്ദൻ. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണണെന്നും നടൻ ആഹ്വാനം ചെയ്തു.
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചത്. ചിത്രയുടെ വീഡയോ വലിയ വിവാദമായിരുന്നു. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ. ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
അതേസയമയം നാല് മണിക്കൂർ നീണ്ട ആചാരാനുഷ്ടാനത്തിന് ശേഷം അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. വ്യാഴാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്റെ വിഗ്രഹമാണ് സ്ഥാപിച്ചത്. പ്രാൺ പ്രതിഷ്ഠക്ക് മുന്നോടിയായിട്ടാണ് വിഗ്രഹം സ്ഥാപിച്ചത്. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ മേൽനോട്ടത്തിലാണ് വിഗ്രഹം തെരഞ്ഞെടുത്തത്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുക.
