ഉണ്ണി മുകുന്ദൻ ചിത്രം ടെലിവിഷനിലേക്കെത്തുന്നു.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിന് മോശമല്ലാത്ത പ്രതികരണം തിയറ്ററുകളില്‍ നിന്ന് നേടാനായിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സൂര്യ ടിവിയിലാണ് 'ഷെഫീഖിന്റെ സന്തോഷം' വേള്‍ഡ് പ്രീമിയര്‍ ചെയ്യുന്നത്. ഞായര്‍ വൈകുന്നേരം 5.30നാണ് സംപ്രേഷണം. കൂടെയുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായി കാണുന്ന, ഹൃദയം മുഴുവൻ സ്നേഹവും ആകാശം മുട്ടെ സ്വപ്‍നവും കൊണ്ടgനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. ഒരുപാട് ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്നവരുടെ ജീവിതത്തിൽ വരുന്ന തിരിച്ചടികളിലൂടെ കഥ പറയുമ്പോൾ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റും എന്നതാണ് സിനിമയെ വേറിട്ടു നിര്‍ത്തുന്ന ഘടകം .

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്താണ്. 'ഷെഫീക്കിന്റെ സന്തോഷ'മെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നൗഫൽ അബ്‍ദുള്ളയാണ്.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം ഷെഫീഖിന്റെ സന്തോഷത്തില്‍ മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്‍മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം നിര്‍വഹിച്ചു. മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജൻ എന്നിവരുമാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: ഉദ്വേഗം നിറച്ച് 'പകലും പാതിരാവും', ട്രെയിലര്‍ പുറത്തുവിട്ടു