ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തി ചർച്ച നടന്നിരുന്നു.
തമിഴിലും തെലുങ്കിലും മികച്ച വിജയം നേടിയ ചിത്രം ആയിരുന്നു വിജയ് ആന്റണിയുടെ പിച്ചൈക്കാരന്‍ (തെലുങ്കില്‍ ബിച്ചഗഡു). ഏഴ് വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റ രണ്ടാം ഭാഗം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തി ചർച്ച നടന്നിരുന്നു.
ഒന്നാം ഭാഗത്തിൽ ഒരു യാചകന്‍, രാജ്യത്ത് സാമ്പത്തിക നില നേരെയാകണമെങ്കില്‍ 1000,500 നോട്ടുകള്‍ നിരോധിക്കണമെന്ന് പറയുന്നുണ്ടായിരുന്നു. ഈ ചിത്രം ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം 2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നു. രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോൾ, ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ നിരോധിച്ചു. ഇതായിരുന്നു ചർച്ചകൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് വിജയ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു നടൻ. പിച്ചൈക്കാരൻ റിലീസിന് ശേഷമാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത്. സമാനമായി ‘പിച്ചൈക്കാരൻ 2’ വന്നപ്പോൾ ആർബിഐ 2000 നോട്ട് പിൻവലിച്ചു. ഈ നോട്ട് നിരോധനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
സാമന്തയുടെ ഇംഗ്ലീഷ് ചിത്രം; 'ചെന്നൈ സ്റ്റോറി' വരുന്നു
ഇതിന്, ‘ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ പ്ലാന്‍ നടത്തിയാണ് നോട്ട് നിരോധിച്ചത്. പത്തു രൂപ നോട്ട് കള്ളനോട്ട് ആകില്ല. ഉയർന്ന മൂല്യമുള്ള നോട്ടായതിനാൽ കള്ളനോട്ടുകൾ അടിച്ചിറക്കും. ഇത് തടയാൻ സർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു. എന്നാൽ, അവർ 2000 രൂപ നോട്ട് പുറത്തിറക്കി. അപ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷേ, അവർ ഈ 2000 രൂപ നോട്ട് പുറത്തിറക്കിയത് കൃത്യമായ പ്ലാൻ ഉണ്ടാക്കിയ ശേഷമാണ്. 2000 രൂപ നോട്ട് പുറത്തിറക്കിയാൽ പലരും അത് വാങ്ങി പൂഴ്‌ത്തിവയ്‌ക്കും. ഇവരെ പിടികൂടാൻ പദ്ധതിയിട്ട് 2000 രൂപ നോട്ട് നിരോധിച്ചു. ജനങ്ങളെ ഈ പ്രഖ്യാപനം ബാധിക്കില്ല. 2000 രൂപ നോട്ടുകൾ പൂഴ്‌ത്തി വച്ചിരിക്കുന്നവരെ ഇത് ബാധിക്കും’, എന്നാണ് വിജയ് ആന്റണി മറുപടി നൽകിയത്.

