Vijay Fans: വിജയ് ആരാധകരുടെ ഇടപെടൽ; അഗതിമന്ദിരത്തിൽ കഴിഞ്ഞ യുവാവിന് ലഭിച്ചത് സ്വന്തം കുടുംബം
അഗതിമന്ദിരത്തിലെ യുവാവിന് തുണയായി വിജയ് ഫാന്‍സ്.

ഇഷ്ട്ട താരങ്ങളെ ഒരു നോക്ക് കാണാനും കൂടെ നിന്നൊരു ഫോട്ടോ എടുക്കണമെന്നും ആഗ്രഹിക്കുന്നവരാണ് മിക്ക ആരാധകരും. താരങ്ങളെ നേരിൽ കണ്ട സന്തോഷങ്ങളും ആരാധകരെ സഹായിച്ച നടന്മാരുടെ വാർത്തകളും നിരവധി തവണ പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ നടൻ വിജയിയെ(Vijay Fans) നേരിൽ കാണണമെന്ന് ആഗ്രഹിച്ച രാംരാജ്(ram raj) എന്ന യുവാവിന് ലഭിച്ചതാകട്ടെ കണ്ടെത്താനാകില്ലെന്ന് കരുതിയ സ്വന്തം കുടുംബത്തെയാണ്.
പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ യുവാവാണ് രാംരാജ്. അന്തേവാസികളുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കാൻ ബ്രദർ ബിനോയ് പീറ്റർ തുടങ്ങിയ യൂട്യൂബ് ചാനലാണ് രാംരാജിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. വിജയിയെ കാണണമെന്ന സ്വപ്നം പറയുന്ന രാംരാജിന്റെ വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോ വിജയ് ഫാൻസ് അസോസിയേഷൻ തങ്ങളുടെ ഫേസ്ബുക്ക് പേജിലേക്ക് മാറ്റി.
Read Also: Beast movie: ഡ്രംസിൽ താളംപിടിച്ച് ഇളയ ദളപതി; നൂറ് ദിവസം പിന്നിട്ട് 'ബീസ്റ്റ്' ഷൂട്ടിംഗ്
തമിഴ്നാട്ടിൽ ഉടനീളം ഈ വീഡിയോ പ്രചരിക്കുകയും ചെയ്തു. ഇതിനിടയിൽ രാംരാജിന്റെ സഹോദരന്മാർ ഈ വീഡിയോ കണ്ടു. കാലങ്ങൾക്ക് മുമ്പ് നാടുവിട്ട സഹോദരനാണ് അതെന്ന് അവർ തിരിച്ചറിയുക ആയിരുന്നു. പിന്നാലെ അഗതിമന്ദിരവുമായി ഇവർ ബന്ധപ്പെടുകയും അനിയനെ തേടി രാംരാജിന്റെ മൂന്ന് സഹോദരന്മാർ എത്തുകയുമായിരുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു രാംരാജിനെ സഹോദരന്മാർ ഏറ്റെടുത്തത്. ഞായറാഴ്ച രാത്രി ഇവർ ചിദംബരത്തേക്ക് തിരിച്ചു.