ദില്ലിയിലെ നീറ്റ് സമരത്തിന് പിന്നാലെ കേരളത്തിലെ പിഎസ്‍സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ദില്ലിയിലെ സിജെപി സമരത്തിന് പിന്നാലെ കേരളത്തിലെ പിഎസ്‍സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിജെപി സമരത്തില്‍ നേരിട്ട് പങ്കെടുത്ത രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ള പലരും റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെക്കുറിച്ചും ഇതിനകം പ്രതികരിച്ചിട്ടുണ്ട്. ടൊവിനോ തോമസും നസ്‍ലെനും അടക്കമുള്ള ചലച്ചിത്ര താരങ്ങളും സമരം ചെയ്യുന്നവരുടെ ബൈറ്റ് അടങ്ങിയ റീലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടന്‍ വിജീഷ് വിജയന്‍.

“ഇത് നീറ്റ് Vs കേരള പിഎസ്‍സി അല്ല. ഇത് നീറ്റും കേരള പിഎസ്‍സിയും ആണ്. ഇത് നീതിപൂര്‍വ്വവും സുതാര്യവും ഉത്തരവാദിത്തം ഉള്ളതുമായ ഒരു സംവിധാനം അര്‍ഹിക്കുന്ന ഓരോ വിദ്യാര്‍ഥിയെ സംബന്ധിച്ചും ഉള്ള കാര്യമാണ്. പരീക്ഷ നടത്തിയത് കേന്ദ്രമായാലും സംസ്ഥാനമായാലും ഓരോ വിദ്യാര്‍ഥിയും നീതി അര്‍ഹിക്കുന്നു. വന്ദേ മാതരം”, വിജീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സിജെപി സമരം പര്യവസാനിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുത്ത് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്നവര്‍ എന്തുകൊണ്ട് കേരളത്തില്‍ പിഎസ്‍സി റാങ്ക് ഹോള്‍‍ഡേഴ്സ് നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. പ്രധാനമായപം വലതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്നാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. പിന്നാലെയാണ് താരങ്ങളില്‍ പലരും ഈ വിഷയം സംബന്ധിച്ച് പോസ്റ്റുകളും റീലുകളും മറ്റും പങ്കുവച്ച് തുടങ്ങിയത്.

പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെക്കുറിച്ച് താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് ശേഷം തന്‍റെ ശബ്ദം ഒരു മാറ്റത്തിന് കാരണമാകുമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഒപ്പം നില്‍ക്കാന്‍ താന്‍ സന്നദ്ധയാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു. "എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാൻ ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതുമുതൽ, സെക്രട്ടേറിയറ്റിന് മുന്നിൽ ഇപ്പോൾ നടക്കുന്ന കേരള പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ച് നിരവധിയാളുകളാണ് സന്ദേശങ്ങൾ അയക്കുന്നത്. സത്യം പറഞ്ഞാൽ, നിങ്ങളിലധികം പേരും ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത് വരെ ഇതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ഇപ്പോഴും, വിഷയത്തിന്റെ പൂർണ്ണ രൂപം മനസ്സിലാക്കാൻ തക്ക വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ, ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട ശരിയായ കാര്യം തന്നെയാണ് ഞാൻ ചെയ്യുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ഞാൻ ശ്രമിക്കുകയാണ്." രഞ്ജിനി പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming