ഈ വിഷയത്തെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും, കാര്യങ്ങൾ പഠിച്ച ശേഷം തന്റെ ശബ്ദം പ്രയോജനപ്പെടുമെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ സമരത്തെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. നീറ്റ് ക്രമക്കേടിനെതിരെ സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോപത്തിന് ഐക്യദാർഢ്യം അറിയിച്ച് പങ്കെടുത്തതിന് പിന്നാലെ രഞ്ജിനിക്ക് സമൂഹമാധ്യമങ്ങളിൽ വലതുപക്ഷ ഹാൻഡിലുകളിൽ നിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കൂടാതെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ എന്തുകൊണ്ടാണ് പിന്തുണക്കാത്തത്തെന്നും രഞ്ജിനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രഞ്ജിനി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

ഡൽഹിയിലായാലും കേരളത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും, അർഹതപ്പെട്ട ഒരു വിഷയവും കേൾക്കാതെ പോകരുത് എന്നാണ് തന്റെ കുറിപ്പിലൂടെ രഞ്ജിനി വ്യക്തമാക്കുന്നത്. വിഷയത്തെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം തന്റെ ശബ്ദം നല്ലൊരു മാറ്റത്തിന് കാരണമാകാൻ സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളോടൊപ്പം നിൽക്കാൻ താൻ തികച്ചും സന്നദ്ധയാണെന്നും രഞ്ജിനി കുറിപ്പിലൂടെ സൂചിപ്പിച്ചു.

"എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാൻ ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതുമുതൽ, സെക്രട്ടേറിയറ്റിന് മുന്നിൽ ഇപ്പോൾ നടക്കുന്ന കേരള പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ച് നിരവധിയാളുകളാണ് സന്ദേശങ്ങൾ അയക്കുന്നത്. സത്യം പറഞ്ഞാൽ, നിങ്ങളിലധികം പേരും ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത് വരെ ഇതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ഇപ്പോഴും, വിഷയത്തിന്റെ പൂർണ്ണ രൂപം മനസ്സിലാക്കാൻ തക്ക വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ, ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട ശരിയായ കാര്യം തന്നെയാണ് ഞാൻ ചെയ്യുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ഞാൻ ശ്രമിക്കുകയാണ്." രഞ്ജിനി പറയുന്നു.

"ഈ സമരം നയിക്കുന്ന ഉദ്യോഗാർഥികളോ അവരുടെ പ്രതിനിധികളോ ഇത് കാണുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് അവരെ അറിയാമെങ്കിൽ, ദയവായി ഞങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുക. അവരുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ പങ്കുവെക്കുകയോ താഴെ ടാഗ് ചെയ്യുകയോ ചെയ്യുക. അവരോട് നേരിട്ട് സംസാരിക്കാനും അവരുടെ ആശങ്കകൾ മനസ്സിലാക്കാനും എനിക്ക് ആഗ്രഹമുണ്ട്. എന്നെ കാര്യങ്ങൾ അറിയിക്കുകയും ജാഗ്രതയോടെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി." രഞ്ജിനി പറയുന്നു.

"ഡൽഹിയിലായാലും കേരളത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും, അർഹതപ്പെട്ട ഒരു വിഷയവും കേൾക്കാതെ പോകരുത്. ഈ വിഷയം കൃത്യമായി പഠിച്ച ശേഷം, എന്റെ ശബ്ദത്തിന് കൂടുതൽ ആളുകളിലേക്ക് കാര്യങ്ങൾ എത്തിക്കാനും നല്ലൊരു മാറ്റത്തിന് കാരണമാകാനും സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളോടൊപ്പം നിൽക്കാൻ ഞാൻ തികച്ചും സന്നദ്ധയാണ്. എന്നെക്കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ, തീർച്ചയായും ഞാൻ കൂടെയുണ്ടാകും." രഞ്ജിനി കുറിച്ചു.

YouTube video player