കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിക്രത്തിന് ഹൃദയാഘാതം എന്ന തരത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളിലുള്‍പ്പെടെ ആദ്യം വാര്‍ത്ത വന്നത്. ട്വിറ്ററില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ചില ട്രേഡ് അനലിസ്റ്റുകളും ഈ തരത്തില്‍ പ്രതികരിച്ചിരുന്നു. പിന്നാലെ ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും കടുത്ത പനി മാത്രമേ ഉണ്ടായുള്ളൂവെന്നും പല ട്വിറ്റര്‍ ഹാന്‍ഡിലുകളും പ്രതികരിച്ചു. ഇതിനൊക്കെ പിന്നാലെ നിജസ്ഥിതി വ്യക്തമാക്കി വിക്രത്തിന്‍റെ മാനേജര്‍ സൂര്യനാരായണന്‍ രം​ഗത്തെത്തി.

വിക്രത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും നെഞ്ചില്‍ നേരിയ അസ്വസ്ഥത മാത്രമാണ് ഉണ്ടായതെന്നും സൂര്യനാരായണന്‍ ട്വിറ്ററില്‍ കുറിച്ചു. വിക്രം സുഖമായി ഇരിക്കുന്നുവെന്നും ഒരു ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു. ഈ സമയം അദ്ദേഹത്തിന്‍റെ കുടുംബത്തിന് ആവശ്യമായ സ്വകാര്യത നല്‍കാനും മാനേജര്‍ അഭ്യര്‍ഥിക്കുന്നു. മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ ഇന്ന് നടക്കുന്ന ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കേണ്ടിയിരുന്നതാണ് വിക്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 

Scroll to load tweet…

2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട 'കദരം കൊണ്ടാന്‍' ആണ് വിക്രത്തിന്‍റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. കാര്‍ത്തിക് സുബ്ബരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയും എത്തിയിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തുവിന്‍റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്‍റെ സ്പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം, മണി രത്നത്തിന്‍റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിങ്ങനെയാണ് വിക്രത്തിന്‍റെ ലൈനപ്പ്. ഇതില്‍ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്. 

ASLO READ : ഓഡിയോ റൈറ്റ്‍സിന് റെക്കോര്‍ഡ് തുക; പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

ഇതില്‍ കോബ്രയാണ് ആദ്യമെത്തുക. കോബ്രയുടെ (Cobra) റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.