Asianet News MalayalamAsianet News Malayalam

'ഗസ്റ്റ് റോള്‍ വേണ്ട, ഒരു ട്വീറ്റ് എങ്കിലും'? വിജയ്‍യുടെ ബന്ധു ആയതിനാൽ നഷ്ടമായ അവസരങ്ങളെക്കുറിച്ച് വിക്രാന്ത്

ലാല്‍ സലാം റിലീസിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിക്രാന്ത് ഇതേക്കുറിച്ച് പറയുന്നത്.

actor vikranth santhosh about the projects he missed because of the thalapathy vijay connection lal salaam movie nsn
Author
First Published Feb 4, 2024, 12:31 PM IST

തമിഴ് സിനിമയില്‍ നിന്നുള്ള അടുത്ത ശ്രദ്ധേയ റിലീസുകളിലൊന്നാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം. രജനികാന്ത് അതിഥിതാരമായി എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായകന്‍. യുവനടന്‍ വിക്രാന്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂപ്പര്‍താരം വിജയ്‍യുടെ കസിന്‍ ആണ് വിക്രാന്ത്. ഒരു സൂപ്പര്‍താരത്തിന്‍റെ അടുത്ത ബന്ധു ആയതിനാല്‍ സിനിമാലോകത്ത് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് അടുത്തിടെ വിക്രാന്ത് പറയുകയുണ്ടായി. ലാല്‍ സലാം റിലീസിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിക്രാന്ത് ഇതേക്കുറിച്ച് പറയുന്നത്.

ആദ്യ രണ്ട്, മൂന്ന് സിനിമകളിലെ അവസരത്തിന് ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ലെങ്കിലും പിന്നീത് അത് പ്രയാസകരമായെന്ന് വിക്രാന്ത് പറയുന്നു. "എനിക്ക് ഓഫര്‍ വരുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വിജയ്‍യെക്കൂടി ഭാഗഭാക്കാക്കുവാന്‍ സാധിക്കുമോ എന്ന് അന്വേഷണം ഉണ്ടാവും. അദ്ദേഹത്തെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാമോ എന്നാവും ചിലരുടെ അന്വേഷണം. മറ്റു ചിലര്‍ക്ക് അദ്ദേഹം അതിഥിതാരമായി എത്തണം, ഇനിയും ചിലര്‍ക്ക് ഒരു പാട്ടുസീനില്‍ അദ്ദേഹം വരണം. ഇതൊന്നുമല്ലെങ്കില്‍ ചിത്രത്തെക്കുറിച്ച് ഒരു ട്വീറ്റ് ഇടീപ്പിക്കാമോ എന്നാവും ചോദ്യം. ഈ ചോദ്യങ്ങള്‍ക്കെല്ലാം നോ എന്നായിരുന്നു എപ്പോഴും എന്‍റെ ഉത്തരം. ഇക്കാരണം കൊണ്ട് കഴിഞ്ഞ 17 വര്‍ഷത്തിനിടെ നിരവധി നല്ല ചിത്രങ്ങളിലെ അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്", വിക്രാന്ത് പറയുന്നു.

"വിജയ് ഇതിനകം കുടുംബത്തിനുവേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജനപ്രീതി സ്വന്തം കരിയര്‍ വളര്‍ത്താനായി ഞാന്‍ ഉപയോഗിക്കില്ല", വ്യക്തിപരമായ തീരുമാനത്തെക്കുറിച്ച് വിക്രാന്ത് വിശദീകരിക്കുന്നു. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിക്ക് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരിക്കുന്ന വിജയ്‍യുടെ തീരുമാനത്തെക്കുറിച്ചുള്ള വിക്രാന്തിന്‍റെ പ്രതികരണം ഇങ്ങനെ- "ഏറ്റവും വലിയ താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം അത് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പോകുന്നത്. രാഷ്ട്രീയത്തില്‍ വലുതെന്തോ കരസ്ഥമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്", വിക്രാന്ത് പറയുന്നു.

അതേസമയം ലാല്‍ സലാമില്‍ വിഗ്നേഷ്, ലിവിങ്സ്റ്റണ്‍, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. ഫെബ്രുവരി 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : നേര്‍ക്കുനേര്‍ മുട്ടാന്‍ ബിജു മേനോന്‍, ആസിഫ് അലി; 'തലവന്‍' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios