"ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു നിമിഷം"
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് വിനോദ് കോവൂർ. അദ്ദേഹത്തിന്റെ തനത് കോഴിക്കോടൻ സംസാര ശൈലിയും മലയാളികൾ മുൻപേ തന്നെ ഏറ്റെടുത്തതാണ്. എം 80 മൂസയിലെ മൂസാക്കയായിട്ടാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും വിനോദ് കോവൂരിനെ പരിചയം. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ജീവിതത്തിലെ പുതിയ അതിഥിയെ പരിപയപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റും വൈറലാകുകയാണ്.
പുതിയ വാഹനം സ്വന്തമാക്കാനായതിന്റെ സന്തോഷമാണ് വിനോദ് കോവൂർ ആരാധകരോട് പങ്കുവച്ചത്. ''ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു നിമിഷം. ഇതാ ഞങ്ങളുടെ പുതിയ അതിഥി ഗ്രാന്റ് വിറ്റാര'' എന്നായിരുന്നു വിനോദ് കുറിച്ചത്. കാറിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോയ്ക്കൊപ്പമായിരുന്നു കുറിപ്പ്. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം പുതിയ വാഹനം എടുക്കാന്‍ പോയത്. നിരവധി പേരാണ് വിനോദ് കോവൂരിന്റെ വീഡിയോയ്ക്കു താഴെ അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
നാടകരംഗത്തു നിന്നുമാണ് വിനോദ് കോവൂർ ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. കേരള സര്‍ക്കാരിന്റെ കേരളോത്സവ നാടക മത്സരത്തില്‍ തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു, ഉസ്താദ് ഹോട്ടൽ, പുതിയ തീരങ്ങള്‍, 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവ. മറിമായം ടീം പ്രധാന വേഷങ്ങൾ ചെയ്ത പഞ്ചായത്ത് ജെട്ടിയെന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള വിനോദ് കോവൂർ നാല് ഷോർട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഏഷ്യൻ പെയ്ന്റ്സിന്റേതുൾപ്പെടെയുള്ള പരസ്യചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനത്തിനു പുറമെ എഴുത്ത്, പാട്ട് എന്നീ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
വീണ്ടും കുമ്പളങ്ങിയിലേക്ക് ഒരു യാത്ര, ഒപ്പം എമ്പുരാന്റെ ആവേശക്കാഴ്‍ചകളും: വീഡിയോ
