വിനോദ് കോവൂര്‍ പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ (Dheeraj Rajendran) കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ധീരജിന്‍റെ മരണ കാരണം ഹൃദയത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‍മാർട്ടം റിപ്പോർട്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ധീരജിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് സിനിമാ നടൻ വിനോദ് കോവൂര്‍ (Vinod Kovoor) പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.
ധീരജിന്റെ വീട്ടില്‍ സന്തോഷമില്ല. നിഖിലിന്റെ വീട്ടില്‍ സമാധാനവുമില്ല. ആര് എന്ത് നേടി എന്നാണ് വിനോദ് കോവൂര്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. ധീരജിനെ കുത്തിയ നിഖിൽ പൈലി ഉൾപ്പടെ രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.
കെഎസ്‍യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പടെ രണ്ട് പേര്‍ കസ്റ്റഡിയിലുമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താൻ കോളേജിൽ എത്തിയതെന്നും സ്വയം രക്ഷക്കാണ് കത്തി കയ്യിൽ കരുതിയതെന്നുമാണ് നിഖിൽ പൈലിയുടെ മൊഴി. കൊലനടത്തിയ ശേഷം ഇയാൾ വലിച്ചെറിഞ്ഞ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് മെറ്റൽ ഡിടക്ടര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി.
ധീരജിന്റെ വീടിനോടു ചേര്‍ന്നു സിപിഎം വാങ്ങിയ സ്ഥലത്താണു സംസ്‍കാരം നടക്കുക. ഇവിടെ സ്‍മാരകം പണിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധീരജ് സ്‍മാരകം കുട്ടികൾക്കും യുവജനങ്ങൾക്കും വായിക്കാനും പഠിക്കാനുമുള്ള പഠനകേന്ദ്രമാക്കി മാറ്റുമെന്നാണ് മന്ത്രി എം വി ഗോവിന്ദന്‍റെ പ്രഖ്യാപനം. പുഷ്‍കലയുടെയും രാജേന്ദ്രന്റെയും മകനാണ് കൊല്ലപ്പെട്ട ധീരജ്.
