"പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍"

മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍. താന്‍ ഇപ്പോഴുള്ള അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും വിശാല്‍ പറയുന്ന. സോഷ്യല്‍ മീഡിയയിലൂടെയാണ് വിശാലിന്‍റെ പ്രതികരണം. 

"പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ ന​ഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിം​ഗപ്പൂരിന് വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് എത്ര ഖേദകരമാണ്. ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രം​ഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്‍റെ തല കുനിയുന്നുണ്ട്. ഒരു അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് പൗരന്മാരോടുള്ള നിങ്ങളുടെ ഉത്തരവാദിത്തമാണ്. ദൈവം രക്ഷിക്കട്ടെ", വിശാല്‍ എക്സില്‍ കുറിച്ചു.

ഒപ്പമുള്ള വീഡിയോയില്‍ വിശാല്‍ ഇപ്രകാരം പറയുന്നു- "ഞാന്‍ അണ്ണാ ന​ഗറിലാണ് ഇപ്പോഴുള്ളത്. എന്‍റെ വീട്ടില്‍ ഒരടി പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. അണ്ണാ ന​ഗറില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കുറേക്കൂടി താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ ആലോചിച്ചുനോക്കൂ. ഇത് ഒരു നടന്‍ എന്ന നിലയില്‍ പറയുന്നതല്ല, ഒരു വോട്ടര്‍ എന്ന നിലയില്‍ പറയുന്നതാണ്. വീടുകളില്‍ കുട്ടികളും പ്രായമായവരും ഭയത്തിലാണ് കഴിയുന്നത്. ഇത് രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ആര്‍ക്കെങ്കിലുമെതിരെ പറയുന്നതല്ല. വെള്ളപ്പൊക്കം എന്ന പ്രശ്നത്തെക്കുറിച്ചാണ് പറയുന്നത്. എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്", വിശാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : '​ഗോള്‍ഡ്' ടൈറ്റിലിലെ ഒളിപ്പിച്ചുവച്ച ബ്രില്യന്‍സ് കണ്ടെത്താമോ? എന്തെന്ന് വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം