മാവേലിക്കര സബ്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഹരീഷ് ഉത്തമന്റെയും ചിന്നു കുരുവിളയുടെയും  വിവാഹം.


നടൻ ഹരീഷ് ഉത്തമനും (Harish Uthaman) നടി ചിന്നു കുരുവിളയും (Chinnu Kuruvila) വിവാഹിതരായി. മാവേലിക്കര സബ്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. സ്‍പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈകിട്ട് വിവാഹ വിരുന്നും നടത്തി.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ കഥാപാത്രമായാണ് ഹരീഷ് ഉത്തമൻ പ്രേക്ഷകശ്രദ്ധേയിലേക്ക് എത്തിയത്. മായാനദി, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയനായി. മമ്മൂട്ടി നായകനാകുന്ന ചിത്രം 'ഭീഷ്‍മ പര്‍വ'ത്തില്‍ ആണ് ഹരീഷ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. 'പായും പുലി', 'തൊടാരി', 'തനി ഒരുവൻ', 'ഭൈരവാ', 'കവചം' തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്.

ഹരീഷ് ഉത്തമൻ സിനിമകളില്‍ പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 'തനി ഒരുവൻ', 'ഡോറ' എന്നിവയില്‍ മികച്ച പൊലീസ് കഥാപാത്രങ്ങളായിരുന്നു ഹരീഷ് ഉത്തമന്. കന്നഡയില്‍ 'റുസ്‍ത'മെന്ന ചിത്രത്തിലും ഹരീഷ് ഉത്തമൻ അഭിനയിച്ചിട്ടുണ്ട്. 'ഭീഷ്‍മ പര്‍വം' ചിത്രത്തില്‍ 'മാര്‍ട്ടിൻ' എന്ന കഥാപാത്രമാണ് ഹരീഷ് ഉത്തമന്.

'നോര്‍ത്ത് 24 കാതം', 'ലുക്ക ചുപ്പി' എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിന്നും ശ്രദ്ധേയയായത്. ഇപ്പോള്‍ ഛായാഗ്രാഹക സഹായിയായിട്ടാണ് ചിന്നു കുരുവിള സജീവമായിരിക്കുന്നത്. മനോജ് പിള്ളയുടെ ഛായാഗ്രാഹണ സഹായിയായിട്ട് പ്രവര്‍ത്തിക്കുകയാണ് ഇപോള്‍ ചിന്നു കുരുവിള. ചിന്നു കുരുവിള വൈകാതെ സ്വതന്ത്ര ഛായാഗ്രാഹകയാകാനുള്ള തയ്യാറെടുപ്പിലാണ്.