എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചു.
ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ അമ്മമാരെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാതൃദിനം ആശംസകളാണ് നിറയെ. ഈ സന്തോഷകരമായ നിമിഷത്തിൽ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അഭിരാമി.
ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്. കൽക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ത്തെടുത്തിട്ട് ഒരു വർഷമായെന്നും അഭിരാമി അറിയിച്ചു. ഒപ്പം എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചു.
‘‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’, എന്നാണ് അഭിരാമി കുറിച്ചത്.
ഏഷ്യാനെറ്റിലെ ടോപ് ടെൻ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ അഭിരാമി എത്തുന്നത്. 1999ൽ ഇറങ്ങിയ പത്രം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തി. പിന്നീട് മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്. പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ നടന്മാരോടൊപ്പം തമിഴിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു. വീരുമാണ്ടിയിൽ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചിരുന്നു.
2009ൽ ആണ് ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനനും അഭിരാമിയും വിവാഹിതരായത്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി തിരിച്ചെത്തുന്നത്.

