അമലാ പോളിന്റെ പരാതിയില്‍ മുൻ കാമുകൻ അറസ്റ്റില്‍.

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന അമലാ പോളിന്റെ പരാതിയില്‍ ഗായകൻ ഭവ്‍നിന്ദര്‍ സിംഗ് ദത്ത് അറസ്റ്റില്‍. തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്യുമെന്ന് മുൻ കാമുകൻ കൂടിയായ ഭവ്‍നിന്ദര്‍ സിംഗ് ഭീഷണിപ്പെടുത്തിയെന്നുും അമലാ പോള്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഭവ്‍നിന്ദര്‍ സിംഗിനെതിരെ അമലാ പോള്‍ പരാതിപ്പെട്ടിരുന്നു. വില്ലുപുരം പൊലീസ് ആണ് ഭവ്‍നിന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്‍തിരിക്കുന്നത്.

സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ട് വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അമലാ പോള്‍ നേരത്തെ മാനനഷ്‍ടക്കേസും ഫയല്‍ ചെയ്‍തിരുന്നു. 2020ല്‍ ചെന്നൈ ഹൈക്കോടതിയിലായിരുന്നു അമലാ പോള്‍ മാനനഷ്‍ട കേസ് ഫയല്‍ ചെയ്‍തിരുന്നത്. ഇതില്‍ ഭവ്‍നിന്ദറിനെതിരെ കേസ് എടുക്കാൻ കോടതി നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. ഭവ്‍നിന്ദര്‍ സിംഗിനെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ് എന്ന് വില്ലുപുരലും പൊലീസ് അറിയിച്ചു.

അമലാ പോളും ഭവ്നിന്ദര്‍ സിംഗും ചേര്‍ന്ന് 2018ല്‍ ഒരു സിനിമ നിര്‍മാണ കമ്പനി സ്ഥാപിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനിടുത്തുള്ള പെരുമുതലിയാര്‍ ചാവടിയിലേക്ക് താമസം മാറിയെന്നും വില്ലുപുരം പൊലീസ് പറയുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം അമലാ പോളുംം ഭവ്നിന്ദര്‍ സിംഗും പിരിയുകയും ചെയ്‍തു. അമലാ പോള്‍ നായികയായ ഒടിടി ചിത്രമായ 'കാടവെര്‍' ഈ നിര്‍മാണ കമ്പനിയുടെ ബാനറിലായിരുന്നു നിര്‍മിച്ചത്.

അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'അതോ അന്ത പറവൈ പോല' ആണ്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. സംഗീതം ജേക്‌സ് ബിജോയ്.

Read More : 'സൈറണു'മായി കീര്‍ത്തി സുരേഷ്, ജയം രവി ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ വീഡിയോ